സുല്‍ത്താന്‍ ബത്തേരി: ജലസാക്ഷരത കാമ്പയിനുമായി സംസ്ഥാന സാക്ഷരതാ മിഷന് അതോറിട്ടി വീടുകളിലേക്കിറങ്ങുന്നു. കാമ്പയിനിലൂടെ ജില്ലയിലെ ആറുപത്തി രണ്ടടായിരത്തിലധികം വീടുകളില്‍ ജലസംരക്ഷണ സന്ദേശമെത്തിക്കാനാണ് അതോറിട്ടി ലക്ഷ്യമിടുന്നത്. ജലസാക്ഷരതാ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിര്‍വഹിച്ചു. ജല ഉപയോഗത്തില്‍ മിതത്വം പാലിച്ചും മരങ്ങള്‍ നട്ടുപിടിപ്പിച്ച് മഴവെള്ളം ഒഴുകിപോകുന്നത് നിയന്ത്രിച്ചും, ജലസ്രോതസ്സുകള്‍ സംരക്ഷിച്ചും, മഴവെള്ള സംഭരണി നിര്‍മ്മിച്ചും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ബോധവത്ക്കരണം നടത്തണമെന്ന് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്മാന് ടി.എല്‍. സാബു അദ്ധ്യക്ഷത വഹിച്ചു. ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിര്‍ പി.യു. ദാസ് ക്ലാസെടുത്തു. മനുഷ്യന്റെ ആര്ത്തിമൂലമുള്ള ജലചൂഷണം മണ്ണെടുപ്പ് എന്നിവ മൂലം ഭൂഗര്‍ഭജലത്തിന്റെ സാന്നിദ്ധ്യം താഴുകയാണെന്നും ഇതു തിരിച്ച് പിടിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ എ. ദേവകി, ജില്ലാപഞ്ചായത്തംഗം പി. ഇസ്മയില്‍, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഹരിഹരന്, ഡയറ്റ് പ്രന്‍സിപ്പാള്‍ ഇ.ജെ. ലീന, ഹരിത കേരള മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുധീര്‍ കിഷന്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി. അബ്ദുള്‍ ഖാദര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എന്‍. സതീഷ് കുമാര്‍, സാക്ഷരാതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍മാരായ ഉസ്മാന് ഉപ്പി, ഫിലോമിന കോട്ടത്തറ, സാദനന്ദന്‍ വെണ്ടപ്പിള്ളി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എന്‍. ബാബു സ്വാഗതവും അസി.കോ-ഓര്‍ഡിനേറ്റന്‍ സ്വയ നാസര്‍ നന്ദിയും പറഞ്ഞു.
