കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ നാലുദിവസമായി നടത്തിയ മെഗാ പരിശോധനയില്‍ 66,168 പേരുടെ സ്രവസാംപിള്‍ പരിശോധിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. ജൂലൈ 30ന് 14,874, 31ന് 14,920, ഓഗസ്റ്റ് രണ്ടിന് 19,509, മൂന്നിന് 16,864 വീതം പരിശോധനകൾ നടത്തി.

സര്‍ക്കാര്‍ സംവിധാനത്തിലൂടെ 48,648 പേരുടെ രോഗനിര്‍ണയം നടത്തി. 32,709 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 4,436 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15,939 പേരാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയത്.

സ്വകാര്യമേഖലയില്‍ 17,519 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. ഇതില്‍ 8,693 ആന്റിജനും 8,470 ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 356 പേര്‍ ട്രൂനാറ്റ്, സിബി നാറ്റ് തുടങ്ങിയ പരിശോധനകളുമാണ് നടത്തിയത്. ഇതുവരെ 29,39,996 സ്രവ സാംപിളുകളാണ് പരിശോധിച്ചത്. 3,71,022 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചത്.