സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ‘ശലഭം’ പദ്ധതി ആവിഷ്കരിച്ച് ജില്ലാഭരണകൂടം. സ്ത്രീകളും കുട്ടികളും വീട്ടിനുള്ളിലും പുറത്തും നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കെതിരെ ശക്തവും നീതിയുക്തവുമായ നടപടികള്‍ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശലഭം പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീധനപീഡനം, സാമൂഹ്യ വിരുദ്ധ ശല്യം, സാമ്പത്തിക ചൂഷണം, ഗാര്‍ഹിക പീഡനം, ലൈംഗിക ചൂഷണം തുടങ്ങിയ വിഷമതകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമപരമായും സാമൂഹികപരമായും മാനസികപരമായും പിന്തുണ നല്‍കുക എന്നതാണ് പദ്ധതിയുടെ ദൗത്യം. പദ്ധതിയുടെ ഉദ്ഘാടനം കലക്ടറേറ്റില്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന് നിര്‍വഹിച്ചു. സമീപകാലത്ത് കുട്ടികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം കുടുംബത്തില്‍ നിന്നെന്നപോലെ സഹായിക്കാനും സഹകരിക്കാനും സുരക്ഷ ഒരുക്കാനുമാണ് ജില്ലാ ഭരണകൂടം പദ്ധതിക്ക് തുടക്കമിട്ടതെന്ന് ജില്ലാകലക്ടര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു പറഞ്ഞു.
ജില്ലാ കലക്ടര്‍ ചെയര്‍മാനും പെരിന്തല്‍മണ്ണ സബ്കലക്ടര്‍ വൈസ് ചെയര്‍മാനും അസിസ്റ്റന്റ്കലക്ടര് കണ്‍വീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് shalabhammalappuram@gmail.com എന്ന ഇ-മെയില്‍ മുഖേനയും ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ 0483 2734988 എന്ന ഫോണ്‍ നമ്പറിലൂടെ നേരിട്ടും 9633664727 എന്ന നമ്പറില്‍ വാട്സാപ് ആയും പരാതികള്‍ സമര്‍പ്പിക്കാം. ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി 48 മണിക്കൂറിനകം പ്രശ്ന പരിഹാരത്തിനുള്ള അടിയന്തര നടപടി സ്വീകരിക്കും. മലപ്പുറം വനിതാ സെല്‍ ഇന്‍സ്പെക്ടര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, നോഡല്‍ ഓഫീസര്‍, ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം, ജില്ലാ ലീഗല്‍ സര്‍വീസ് പ്രതിനിധിയായ സെക്ഷന്‍ ഓഫീസര്‍ എന്നിവര്‍ കമ്മിറ്റിയിലെ അംഗങ്ങളാണ്.
പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സബ് കലക്ടര്‍ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസറുദ്ദീന്‍, വനിത സംരക്ഷണ ഓഫീസര്‍ എ.എസ് പ്രമീള, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) കെ.ലത, വനിതാ സെല്‍ സബ് ഇന്‍സ്പക്ടര്‍ പി. ചന്ദ്രിക, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഗീതാഞ്ജലി, ജില്ലാ വനിതാ ശിശുവികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് വി.വാസുദേവന്‍, ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. മര്‍വ, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ വി. അരുണ്‍, മഹിളാ ശക്തി കേന്ദ്ര വിമന്‍ വെല്‍ഫെയര്‍ ഓഫീസര്‍ ടി. ബാസിമ, ജൂനിയര്‍ സൂപ്രണ്ട് അസീഫ് റെജു തുടങ്ങിയവര്‍ പങ്കെടുത്തു.