ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളേജിലെ റേഡിയോ ഡയഗ്നോസിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സി.ടി സ്കാന്‍, അള്‍ട്രാസൗണ്ട് മെഷിന്, ഡിജിറ്റല്‍ റേഡിയോഗ്രാഫി, എക്സ് -റേ യൂണിറ്റ് അടക്കമുള്ള ഉപകരണങ്ങളുടെ പരീക്ഷണ പ്രവര്‍ത്തനം നടത്തി മികവ് അവലോകനം ചെയ്തു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്ജുന് പാണ്ഡ്യന് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകനം നടത്തിയത്. തുടക്കത്തില്‍ സി.ടി സ്കാന്‍ സംവിധാനം കിടപ്പുരോഗികള്‍ക്ക് ലഭ്യമാക്കും. തുടര്‍ന്ന് തെരഞ്ഞെടുത്ത രോഗികള്‍ക്കും അടിയന്തര സേവനത്തിനും ലഭ്യമാക്കും. മറ്റു മെഡിക്കല്‍ കോളേജുകളിലേതിനു സമാനമായി ടെലി റിപ്പോര്‍ട്ടിംഗ് സംവിധാനം സജ്ജമാക്കന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മുഴുവന്‍ സമയവും സി.ടി ഉപകരണങ്ങള്‍ ഉപയുക്തമാക്കാര് കഴിയും. ഡിജിറ്റല്‍ റേഡിയോഗ്രഫി, എക്സ-റേ സംവിധാനങ്ങളും, അള്‍ട്രാസൗണ്ട്, അനലോഗ് മാമ്മോഗ്രാഫി എന്നിവയും പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തന സജ്ജമാക്കും. സി.ടി സ്കാന്‍, മാമോഗ്രഫി യൂണിറ്റിന്റെയും ട്രയല്‍ റണ്‍ ജില്ലാ കളക്ടറും ജില്ലാ വികസന കമ്മീഷണറും വിലയിരുത്തി.
അവലോകന യോഗത്തില്‍ വകുപ്പ് മേധാവികള്‍ മെഡിക്കല്‍ കോളേജിലേക്കാവശ്യമായ സാങ്കേതിക സംവിധാനങ്ങളുടേയും അടിസ്ഥാന സൗകര്യങ്ങളുടെയും പട്ടിക ജില്ലാ കളക്ടറുടെയും ജില്ലാ വികസന കമ്മീഷണറുടെയും ശ്രദ്ധയില്‍ പെടുത്തി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഷീല, ആര്.എം.ഒ ഡോ. അരുണ്‍, റേഡിയോ ഡയഗനോസിസ് വകുപ്പ് മേധാവി (ഇന്‍ ചാര്‍ജ് ) ഡോ. താഹിറ തുടങ്ങിയവര്‍ പങ്കെടുത്തു.