അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് ചാളയൂര്‍ ഊരിലെ പുരപ്പുറ സോളാര്‍ പദ്ധതി പ്രകാരമുള്ള ഗുണഭോക്തൃ വിഹിതം ചാളയൂര്‍ ഊരുവികസന സമിതിക്ക് നാളെ (ഓഗസ്റ്റ്19 ) ഉച്ചയ്ക്ക് 12 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കൈമാറും. ചാളയൂര്‍ ഊര് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷനാകും. ദേവസ്വം, പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്, വി.കെ.ശ്രീകണ്ഠന് എം.പി എന്നിവര്‍ മുഖ്യാഥിതികളാകും.
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ഇ.ബി ചാളയൂര്‍ ആദിവാസി ഊരില്‍ നിര്‍മ്മിച്ച 96 കിലോവാട്ട് ശേഷിയുള്ള സംസ്ഥാനത്തെ ആദ്യ മേല്‍ക്കൂര സൗരോര്‍ജ്ജ നിലയം 2015 ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്തിരുന്നു. പദ്ധതി അനുസരിച്ച് 2021 മെയ് 31 വരെ 4,55,520 യൂണിറ്റ് വൈദ്യുതിയാണ് ഉത്പ്പാദിപ്പിച്ചിട്ടുള്ളത്. കോളനിയിലെ ഓരോ ഉപഭോക്താവിനും പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും.
ഊരു നിവാസികളുടെ ഉപഭോഗത്തിനു ശേഷമുള്ള വൈദ്യുതിയുടെ 50 ശതമാനത്തിന്റെ വിലയാണ് ഊര് വികസന സമിതിക്ക് ഗുണഭോക്തൃ വിഹിതമായി നല്‍കുന്നത്. ഒരു യൂണിറ്റിന് അഞ്ചു രൂപ നിരക്കില്‍ കണക്കാക്കുന്ന തുകയുടെ പകുതിഭാഗം കോളനിയുടെ പുരോഗതിക്കായും ബാക്കി സൗരോര്‍ജ്ജ പ്ലാന്റിന്റെ ഇന്‍ഷൂറന്‍സിനും അറ്റകുറ്റപണികള്‍ക്കുമായി ചെലവാക്കും. ഇതിനകം ഊരുവികസന സമിതിക്ക് 1,28,000 രൂപ കൈമാറിയിട്ടുണ്ട്. ബാക്കി തുകയായ 5,25,010 രൂപയാണ് കൈമാറുക.
പരിപാടിയില്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, കെ.എസ്.ഇ.ബി ഡയറക്ടര്‍ അഡ്വ. വി. മുരുകദാസ്, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.