കൊല്ലം: സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ 2014 ല്‍ പൂര്‍ത്തിയായ കെട്ടിടത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് സാങ്കേതിക പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് കെട്ടിടത്തിലെ ഫംഗസ് ബാധ കാരണം ഇന്‍ഫെക്ഷന്‍ ബാധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പ്രാഥമികമായി ലഭിച്ച ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോജക്ട് മാനേജരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ആശുപത്രിയില്‍ പരിശോധന നടത്തിയത്.
ആശുപത്രി അധികൃതര്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയ കലക്ടര്‍ സ്ഥിതിഗതി വിലയിരുത്തി. വാര്‍ഡുകളിലെ അവസ്ഥയും പരിശോധിച്ചു. രോഗികളോടും കൂട്ടിരിപ്പുകാരോടും വിവരങ്ങള്‍ ആരാഞ്ഞു. കെട്ടിട നിര്‍മ്മാണത്തില്‍ പോരായ്മ ഉണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി കലക്ടര്‍ അറിയിച്ചു. തുടര്‍നടപടിക്കായി ആണ് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിര്‍മാണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.