ആടുവളര്‍ത്തലിന്റെ ശാസ്ത്രീയ രീതികള്‍ കര്‍ഷകരെ പരിശീലിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. രാജു അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു.
ആടുവളര്ത്തിലിന്റെ പ്രയോജനം പൂര്‍ണമായി ലഭ്യമാക്കാനാണ് പുതിയ പരിശീലന പരിപാടി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 20 ആടുകളുള്ള 150 യൂണിറ്റുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പോത്തുവളര്‍ത്തല്‍ പദ്ധതിയും പുതുതായി നടപ്പിലാക്കുകയാണ്. സര്‍ക്കാര്‍ നല്കുന്ന പോത്തിന്‍കുട്ടികളെ തൂക്കം കണക്കാക്കി തിരികെ വാങ്ങുന്നതുവഴി കര്‍ഷകര്‍ക്ക് ലാഭം ഉറപ്പാക്കനാകും. ഓണാട്ടുകര മേഖലയിലാണ് പദ്ധതി തുടങ്ങുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
കറവപ്പശുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയോടെ നടപ്പിലാക്കുന്ന ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പോളിസി വിതരണവും കന്നുകുട്ടികള്‍ക്ക് കാലിതീറ്റ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന ഗോവര്‍ധിനി പദ്ധതിയുടെ പാസ്ബുക്ക് വിതരണവും ഉരുക്കള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര വിതരണവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആര്. ബാലചന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ആര്. ഷീജ, ഡി. സരോജാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. ഹംസ, സുഷ ഷിബു, ലൈലജ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍. എന്‍. ശശി, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.