യേശുദാസന്റെ നിര്യാണത്തിലൂടെ കാർട്ടൂൺ മേഖലയിലെ അതുല്യ പ്രതിഭയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വരകളിലൂടെ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല നിർഭയം അഭിപ്രായങ്ങൾ രേഖപ്പെടുത്തുക കൂടിയാണ് യേശുദാസൻ ചെയ്തത്.

സമഗ്ര സംഭാവനയ്ക്കുള്ള കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്  സാമൂഹ്യ പ്രതിബദ്ധതയുള്ള സമ്പൂർണ്ണ മാധ്യമപ്രവർത്തകനാണ് അദ്ദേഹം എന്നതിനുള്ള അംഗീകാരവും തെളിവുമാണ്. യേശുദാസന്റെ വരകളിലൂടെ കണ്ണോടിക്കുന്നവർക്ക് കേരള രാഷ്ടീയ ചരിത്രം വായിച്ചെടുക്കാനാകും. നർമ്മബോധത്തിലും അത് വരകളിലേക്ക് പകർത്തുന്നതിലും അസാധാരണമായ പ്രതിഭാ സാന്നിധ്യമായിരുന്നു യേശുദാസൻ എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കാർട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു
പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസന്റെ നിര്യാണത്തിൽ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. രാഷ്ട്രീയ, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്ക് കാർട്ടൂൺ വരച്ച് മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതിയാണ് യേശുദാസനെന്നും സ്പീക്കർ അനുസ്മരിച്ചു.

പ്രമുഖമായ ഒട്ടേറെ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ നിര്യാണം കേരള കാർട്ടൂൺരംഗത്തിന് കനത്ത നഷ്ടമാണെന്നും അനുശോചന കുറിപ്പിൽ സ്പീക്കർ അറിയിച്ചു.

കാർട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തിൽ അനുശോചിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചനം രേഖപ്പെടുത്തി. വരയിലൂടെയും വാക്കുകളിലൂടെയും അദ്ദേഹം കേരള സമൂഹത്തിന് ചിരിയും ചിന്തയും പകർന്നുനൽകി.

കാർട്ടുൺ അക്കാദമിയുടെ സ്ഥാപക ചെയർമാനായും കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായും സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.