ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിന്റേയും പ്രദേശവാസികളുടേയും ചിരകാല സ്വപ്നമായിരുന്ന ഭാരതപ്പുഴ ചെക്ക്ഡാം നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഉദ്ഘാടനം ഈ മാസം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി അറിയിച്ചു.
കുടിവെള്ള പ്രശ്നത്തിന് പരിഹാരമായ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ചെക്ക്ഡാം (തടയണ) നിര്‍മാണമായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച തടയണയ്ക്ക് 14.40 കോടിയാണ് ചെലവായത്. ഷൊര്‍ണൂരിനെയും ചെറുതുരുത്തിയെയും ബന്ധിപ്പിച്ച് ഷൊര്‍ണൂര്‍ കൊച്ചിപ്പാലത്തിനടുത്ത് ഭാരതപ്പുഴയില്‍ കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ തടയണ നിര്‍മാണം കേവലം അഞ്ചര മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് മികച്ച നേട്ടമായി.
എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് വാണിയംകുളം പഞ്ചായത്തില്‍ ചന്തയുടെ സമീപം രണ്ടേക്കറില്‍ 10 കോടി ചെലവില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
സ്വപ്ന പദ്ധതിയായ അനങ്ങന്‍മല ഇക്കോ- ടൂറിസത്തിനായി അഞ്ചു കോടിയാണ് ബജറ്റില്‍ അനുവദിച്ചത്. തൃക്കടീരി പഞ്ചായത്തുമായും ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച നടത്തി വിപുലമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
ജനക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം
പൊതുവിദ്യഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകള്‍ ഹൈടെക്ക് ആക്കുന്നതിന് ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.എസ്സിന് അഞ്ച് കോടിയും വെള്ളിനേഴി ജി.എച്ച്.എസ്.എസിന് മൂന്ന് കോടിയും വെള്ളിനേഴി എല്‍.പി.സ്കൂളിന് 88.5 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. 50 ഓളം സ്കൂളുകള്‍ക്ക് കംപ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍, ലാപ്ടോപ് എന്നിവയും നല്കി വരുന്നു.
സമ്പൂര്‍ണ ആരോഗ്യ പദ്ധതിയായ ആര്‍ദ്രത്തിന്റെ ഭാഗമായി മണ്ഡലത്തിലെ അടയ്്ക്കാപുത്തൂര്-നെല്ലായി പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. ബാക്കിയുള്ള എട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.
പട്ടികജാതി വിഭാഗക്കാരുടെ വികസനത്തിനായി ഷൊര്‍ണൂര്‍ പരുത്തിപ്രയില്‍ വെളുത്തേന്മാരില് കോളനി, നെല്ലായ അംബേദ്കര്‍ കോളനികളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ, വാണിയംകുളം അരിയത്ത് മനപ്പടി കോളനിയുടെ സമഗ്ര വികസനത്തിന് ഒരു കോടിയുടെ പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുണ്ട്. മണ്ഡലത്തിലെ ജനങ്ങളുടെ യാത്രാ ദുരിതം ഒഴിവാക്കുന്നതിന് ഒറ്റപ്പാലം – പെരിന്തല്‍മണ്ണ റോഡിനും (28 കോടി, കിഫ്ബി) ഒറ്റപ്പാലം – കീഴൂര്‍ റോഡിനും (20 കോടി, കിഫ്ബി) സാമ്പത്തികാനുമതി ലഭിച്ചു. മൂന്ന് മാസത്തിനകം ടെന്‍ഡര്‍ ചെയ്യും. ശ്രീകൃഷ്ണപുരം – മുറിയങ്കണ്ണി – ചെത്തല്ലൂര്‍ റോഡിന്റെ നിര്‍മാണവും (36 കോടി 20 ലക്ഷം, കിഫ്ബി) ഉടന്‍ ആരംഭിക്കും.
മണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതിന് 17 ലക്ഷമാണ് ചെലവാക്കിയത്. വാണിയംകുളം സൂര്യനഗര്‍ കുടിവെള്ള പദ്ധതി (10 ലക്ഷം, എം.എല്‍.എ.ഫണ്ട് ) പൂര്‍ത്തീകരിച്ചു. 25 ലക്ഷത്തിന്റെ മനിശ്ശേരി സമഗ്ര കുടിവെള്ള പദ്ധതി പുരോഗമിക്കുന്നു. ഇതുവരെ 22 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മാണം പൂര്‍ത്തിയായി. നിര്മാണത്തിലേര്പ്പെട്ടതും തുടങ്ങാന്‍ പോവുന്നതുമായ എല്ലാ റോഡുകളും വെള്ളം കെട്ടി നില്‍ക്കാതെ റോഡ് നശിക്കാത്ത വിധം സംവിധാനം ഏര്‍പ്പെടുത്തും. റോഡിനിരുവശവും ചാലുകളും നിര്‍മിക്കുകയും ചിലയിടങ്ങളില്‍ ടാര്‍ റോഡിന് പകരം ഇന്റര്‍ലോക്ക് സംവിധാനവും സജ്ജമാക്കും.
