കടലിൽ മുങ്ങിയ യാനങ്ങളുടെ അവശിഷ്‌ടങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.കടലിൽ തകർന്ന ബോട്ടുകളും വള്ളങ്ങളും നീക്കം ചെയ്യാത്തതുമൂലം അടുത്തിടെയുണ്ടായ അപകടങ്ങൾ ചൂണ്ടിക്കാട്ടി കെ. എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ സബ്‌മിഷന് മറുപടിയായാണ് നിയമസഭയിൽ മന്ത്രി അറിയിച്ചത്.

യാനങ്ങൾ കടലിൽ അപകടത്തിൽപെട്ടാൽ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സ്ഥിരം സംവിധാനം ഉണ്ടാകേണ്ടതുണ്ട്. കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഫിഷറീസ്, ജില്ല ഭരണകൂടം, ദുരന്ത നിവാരണ വകുപ്പ്, കേരള മാരിടൈം ബോർഡ്, ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം എന്നിവയുടെ സംയുക്ത മന്ത്രിതല യോഗം ചേർന്ന് ഉടൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

ബോട്ടുകളും മറ്റും മുങ്ങിക്കിടക്കുന്ന സ്ഥലങ്ങൾ അപകടരഹിതമാക്കുന്നതിന് ആവശ്യമായ തുടർനടപടികൾ ജില്ല ദുരന്ത നിവാരണ വിഭാഗവും കൊച്ചിൻ പോർട്ട് ട്രസ്റ്റും ഫിഷറീസ് വകുപ്പും ചേർന്നു സ്വീകരിക്കും. മുങ്ങിയ ബോട്ടുകൾ സംബന്ധിച്ച് ഫിഷറീസ് വകുപ്പിന്റെ പരിധിയിൽ ചെയ്യാവുന്ന പരമാവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തുടർ നടപടികൾ ജില്ല ദുരന്ത നിവാരണ വിഭാഗവും കൊച്ചിൻ പോർട്ട് ട്രസ്റ്റും ഫിഷറീസ് വകുപ്പും ചേർന്ന് സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.