വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ ‘വിദ്യാഭ്യാസ അവകാശ നിയമം’ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാതല കര്‍ത്തവ്യവാഹകരുടെ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ അധ്യക്ഷനായി.

ആദിവാസി മേഖലകളിലുള്‍പ്പടെയുള്ള കുട്ടികളെ തിരികെ വിദ്യാലങ്ങളിലെത്തിക്കുന്നതിനാവശ്യമായ സത്വരനടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലെ വിദ്യാലയങ്ങളോടൊപ്പം സ്വകാര്യമേഖലകളിലുളളവയും നിരീക്ഷണ വിധേയമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കണ്ടെത്തി അടച്ചുപൂട്ടാനും കമ്മീഷന്‍ നിര്‍ദേശിച്ചു.
ഭിന്നശേഷി കുട്ടികള്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പടെ ആവശ്യമായ സൗകര്യങ്ങള്‍ വിദ്യാലങ്ങളില്‍ ലഭ്യമാക്കണം. വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ആവശ്യമെങ്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യവും ഒരുക്കണം. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന വിദ്യാലയങ്ങളില്‍ അപകടകരമായ രീതിയില്‍ കുഴികളോ മറ്റ് സാഹചര്യങ്ങളോ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നത് നിരീക്ഷിക്കും. പരിചയമില്ലാത്തവരുടെ വാഹനങ്ങള്‍ക്ക് കൈകാണിച്ച് കുട്ടികള്‍ യാത്ര ചെയ്യുന്ന സാഹചര്യവും ഗൗരവമായി കാണും. ഇത്തരക്കാര്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് ശക്തമായ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹറലി മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി റെജില്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.