മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള സര്‍വേ ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കും. സര്‍വേയില്‍ ലഭിക്കുന്ന വിവരങ്ങളില്‍ പരിഗണനാ വിഷയങ്ങള്‍ ജനുവരിയില്‍ ക്രോഡീകരിച്ച് ഫിബ്രവരിയില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള കേരള സംസ്ഥാന കമ്മീഷന് ചെയര്മാന് റിട്ട. ജസ്റ്റിസ് എം.ആര്.ഹരിഹരന് നായര്‍ പറഞ്ഞു.
സംസ്ഥാനത്തെ 20000ഓളം വാര്‍ഡുകളിലും ഇതിനായുള്ള സര്‍വേ നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന അഭ്യസ്ത വിദ്യരായ കുടുംബശ്രീ പ്രവര്‍ത്തകരെയും സന്നദ്ധ സേവനത്തിന് തയ്യാറുള്ള മുന്നാക്ക സമുദായ സംഘടനാ പ്രവര്‍ത്തകരെയും സര്‍വേക്കായി നിയോഗിക്കും. ഇതിനായി പ്രത്യേകം ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരു ക്ലിക്കില്‍ ചോദ്യോത്തരങ്ങള്‍ അപ്ലോഡ് ചെയ്യും വിധമാണ് ആപ്ലിക്കേഷന്‍ സജ്ജീകരിച്ചിട്ടുള്ളത്. ഓരോ തദ്ദേശ വാര്‍ഡിലെയും ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ച് കുടുംബങ്ങളില്‍ നിന്നുമാണ് വിവരശേഖരണം നടത്തുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് ഇപ്പോള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങളെ യാതൊരു തരത്തിലും ബാധിക്കുകയില്ലെന്നും ആശങ്കകള്‍ വേണ്ടെന്നും ചെയര്മാന് പറഞ്ഞു. സര്‍വേയില്‍ ഭാഗമാകുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കും. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സര്‍വേയുടെ ചോദ്യാവലി നല്‍കിയിട്ടുണ്ട്. സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരു ലക്ഷത്തോളം വീടുകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്ന് ലഭ്യമാകും.
ഇത് വിശദമായി വിശകലനം ചെയ്താണ് പരിഹാരമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കമ്മീഷന് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സര്‍വേയുടെ ഭാഗമായി മുന്നാക്ക സമുദായ സംഘടനാ നേതാക്കളുടെ യോഗം കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു. കമ്മീഷന് ചെയര്മാന് റിട്ട. ജസ്റ്റിസ് എം.ആര്.ഹരിഹരന് നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ സംഘടനകളുടെ 20 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.
മുന്നാക്ക സമുദായ സംഘടനാ പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് ചെയര്മാന് വിശദീകരണം നല്കി. മെമ്പര്‍ സെക്രട്ടറി ജ്യോതി.കെ, രജിസ്ട്രാര്‍ കെ.പി.പുരുഷോത്തമന്, കമ്മീഷന് അംഗം എ.ജി.ഉണ്ണികൃഷ്ണന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.