ജാതിക്ക ചെമ്പരത്തിപ്പൂ സ്ക്വാഷ്, ബെന്തിപ്പൂ അച്ചപ്പം, ജാതിക്ക റോബസ്റ്റ ജാം..
എറണാകുളം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര കൃഷി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പി.കെ സ്വയ്ൻ ഐ.എ.എസ്, കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ഡയറക്ടർ ടി.വി സുഭാഷ്, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവരടങ്ങുന്ന വിദഗ്ദ സംഘം കോട്ടുവള്ളിയിലെത്തി. കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ കുട്ടികളുടെ കൃഷിയിടത്തിലാണ് ഇവർ സന്ദർശനം നടത്തിയത്.
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ പ്രകൃതി കൃഷി പദ്ധതികൾ നടപ്പിലാക്കിയ കൃഷിഭവനാണ് കോട്ടുവള്ളി. കൂനമ്മാവിലെ കുട്ടികളുടെ കൃഷിയിടത്തിൽ വിളഞ്ഞ ശീതകാല പച്ചക്കറികൾ നൽകിയാണ് ഉദ്യോഗസ്ഥരെ വരവേറ്റത്. തീരദേശങ്ങളിൽ വളരുന്ന പൊക്കാളി നെല്ലും കോട്ടുവള്ളിയിലെ പ്രകൃതി കർഷകർ വിളയിച്ച ശുദ്ധമായ പച്ചക്കറികളുമെല്ലാം സംഘത്തിന് മുന്നിൽ പ്രദർശിപ്പിച്ചു.
കൂടാതെ തളിർ ഫാർമേഴ്സ് ഇൻ്ററസ്റ്റിംഗ് ഗ്രൂപ്പ് തയാറാക്കിയ വൃക്ഷായുർവേദ വിധിപ്രകാരമുള്ള ഗുണപജലം, ഹരിത കഷായം, ജീവാമൃതം, ഘനജീവാമൃതം, ഘന ജീവാമൃതലെഡു, പ്രകൃതി കീടനാശിനികളായ നീമാസ്ത്രം, ബ്രഹ്മാസ്ത്രം, അഗ്നി അസ്ത്രം, പഴക്കൂട്ട് ഫാർമേഴ്സ് ഇൻ്ററസ്റ്റിംഗ് ഗ്രൂപ്പ് പ്രകൃതിവിഭവങ്ങൾ ശേഖരിച്ച് തയാറാക്കിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ പാഷൻ ഫ്രൂട്ട് മേയർ ലെമോൺഡ, ലൈം സ്ക്വാഷ്, ഗ്രേപ്പ് സ്ക്വാഷ്, ജാതിക്ക ചെമ്പരത്തിപ്പൂ സ്ക്വാഷ്, നെല്ലിക്ക ബെന്തിപ്പൂ സ്ക്വാഷ്, റൂബിക്കാ ചെമ്പരത്തി സ്ക്വാഷ്, ചെമ്പരത്തിപ്പൂ അച്ചപ്പം, ബെന്തിപ്പൂ അച്ചപ്പം, ജാതിക്കാ ജാം, ജാതിക്കാ അച്ചാറ്, നെല്ലിക്ക അച്ചാറ്, റൂബിക്കാ അച്ചാറ്, വടുകപ്പുളി അച്ചാറ്, ജാതിക്ക ഏത്തപ്പഴം ജാം, ജാതിക്ക റോബസ്റ്റ ജാം, ജാതിക്ക പപ്പായ ജാം, പച്ചമരുന്ന് ഹെർബൽ ഓയിൽ, മേരി ഗോൾഡ് സ്കിൻ ഓയിൽ എന്നീ ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.
പൊക്കാളിപ്പാടങ്ങളിലും പുഴയിലും ധാരാളം കാണുന്ന കളവർഗ്ഗ ചെടിയായ കുളവാഴയുടെ പൂവിൽ നിന്നും നിർമ്മിച്ച സ്ക്വാഷ് സംഘത്തിലുണ്ടായവർക്ക് കൗതുകമായി. കോട്ടുവള്ളിയിലെ പ്രകൃതി കർഷകർ വിളയിച്ച കരിമ്പ്, ചോളം, ഫലവർഗ്ഗങ്ങൾ, ശീതകാല പച്ചക്കറികൾ, പയർ വർഗ്ഗ വിളകൾ, നാടൻ വിത്തിനങ്ങൾ എന്നിവ പ്രകൃതി കൃഷി സംസ്ക്കാരത്തിലേക്ക് മടങ്ങുന്ന ഒരു ജനതയുടെ അഭിമാന സൂചകങ്ങളായി ദേശീയതലത്തിൽ ഉയർത്തി കാണിക്കാൻ കോട്ടുവള്ളി കൃഷിഭവന് കഴിഞ്ഞു. വ്ളാത്താങ്കര ചീരയുടെ ചുവപ്പ് നിറവും ഏറെ ആകർഷകമായിരുന്നു. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിപണനം എന്നിവയെക്കുറിച്ചും പ്രകൃതി കൃഷിയെക്കുറിച്ചും ഉദ്യോഗസ്ഥരും കർഷകരും ആശയവിനിമയം നടത്തി.
എറണാകുളം ജില്ലാ കൃഷി ഓഫീസർ ഷീലാ പോൾ, ഡെപ്യൂട്ടി ഡയറക്റ്റർമാരായ അനിതകുമാരി, തോമസ് സാമുവൽ, അസിസ്റ്റൻ്റ് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ശശിധരൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ അഗ്രികൾച്ചർ അസിസ്റ്റൻ്റ് ഡയറക്റ്റർ ജോൺ ഷെറി, പറവൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്റ്റർ ജിഷ പി.ജി, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോം ഡയറക്ടർ ഫാദർ സംഗീത് ജോസഫ്, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.