കോലഞ്ചേരി: കുടുംബശ്രീ സാമൂഹ്യ മേളയുടെ ഭാഗമായി നടത്തിയ സൗജന്യ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് ശ്രദ്ധേയമായി. കുടുംബശ്രീ സാമൂഹ്യ മേളയുടെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷൻ, കുടുംബശ്രീ സ്നേഹിത, തിരുവാണിയൂർ സി.ഡി.എസ് എന്നിവ സംയുക്തമായി മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

തിങ്കളാഴ്ച രാവിലെ 7.30 മുതൽ 10 വരെ തിരുവാണിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു ക്യാമ്പ്. ക്യാമ്പിനെത്തിയ വരുടെ പൊക്കം, തൂക്കം, രക്തസമ്മർദ്ദം എന്നിവ നോക്കിയ ശേഷം രക്ത- മൂത്ര പരിശോധനകളാണ് നടത്തിയത്. 105 പേരെ ക്യാമ്പിൽ പരിശോധിച്ചു.

ജീവിത ശൈലിയിൽ മാറ്റം വരുത്തണ്ടവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും നൽകി. ക്യാമ്പിൽ തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ.പ്രകാശ്,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ വിശ്വനാഥൻ എന്നിവരടക്കമുള്ളവർ പരിശോധനക്ക് വിധേയരായി .തിരുവാണിയൂർ സി.ഡി.എസ് ചെയർപേഴ്സൺ അജിത നാരായണൻ, വിമുക്തി മാനേജർ ജി.സുരേഷ്കുമാർ, കോർഡിനേറ്റർ കെ.എ. ഫൈസൽ, കുടുംബശ്രീ സ്നേഹിത സർവ്വീസ് പ്രൊവൈഡർ സ്മിത മനോജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.