പുതുപ്പരിയാരത്ത് പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ മറികടന്നതായും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)അറിയിച്ചു. മലമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയോജക മണ്ഡലത്തിലെ സാംക്രമിക രോഗ സ്ഥിതിവിവര പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് ഡി.എം.ഒ ഇക്കാര്യം അറിയിച്ചത്. ആരോഗ്യജാഗ്രതയുടെ ഭാഗമായി പകര്‍ച്ചവ്യാധി രോഗങ്ങള്‍ കുറഞ്ഞതായും അകത്തേത്തറ ആണ്ടിമഠത്തില്‍ കാലവര്‍ഷത്തോടനുബന്ധിച്ച് ആരംഭിച്ച പുനരധിവാസ കാംപില്‍ ആരോഗ്യ വകുപ്പിന്റെ സാന്നിദ്ധ്യം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, എം.എല്‍.എയും ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ എന്‍.അനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി. റീത്ത, ഡെപൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനൂപ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശാങ്കന്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുത്തു.