ബാലാവകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വകുപ്പും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ചേര്‍ന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. മലപ്പുറം പ്രസ് ക്ലബില്‍ ‘ബാല സംരക്ഷണം- മാധ്യമ പ്രവര്‍ത്തകരുടെ പങ്ക്’ എന്ന വിഷയത്തിലാണ് ശില്‍പശാല നടത്തിയത്. സബ് ജഡ്ജ് ആന്‍ഡ് മഞ്ചേരി ഡി.എല്‍.എസ്.എ സെക്രട്ടറി കെ.നൗഷാദലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ പരിപാടിയില്‍ അധ്യക്ഷനായി. സബ്ജഡ്ജ് ആന്‍ഡ് കോഴിക്കോട് ഡി.എല്‍.എസ്.എ സെക്രട്ടറി എം.പി. ഷൈജല്‍ വിഷയത്തില്‍ ക്ലാസെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, പ്രസ്‌ക്ലബ് പ്രസിഡന്റ് ശംസുദ്ധീന്‍ മുബാറക്, പ്രസ്‌ക്ലബ് സെക്രട്ടറി കെ.പി.എം.റിയാസ്, ചൈല്‍ഡ്‌ലൈന്‍ നോഡല്‍ കോര്‍ഡിനേറ്റര്‍ സി.പി.സലീം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ചൈല്‍ഡ്‌പ്രൊട്ടക്ഷന്‍ യൂനിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ.സാലിഹ്, മാധ്യമപ്രവര്‍ത്തകര്‍, മാധ്യമ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
