ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണവുമായി ബന്ധപ്പെട്ട്
സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് സി ടി സാബു മുഖ്യപ്രഭാഷണം നടത്തി. പ്ലാസ്റ്റിക് മലിനീകരണം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ ആന്റ് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബി എൽ ബിജിത്ത് വിഷയാവതരണം നടത്തി. പ്ലസ് ടു തലം വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് ഉണരൂ ഉപഭോക്താവേ ഉണരൂ എന്ന വിഷയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിലേയും കോളേജ് വിദ്യാർത്ഥികൾക്കായി ഹരിത ഉപഭോഗം പ്ലാസ്റ്റിക് മലിനീകരണം എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിലെയും വിജയികൾക്ക് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി ജോസഫ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ സപ്ലൈ ഓഫീസർ ടി അയ്യപ്പദാസ്, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ സീനിയർ സൂപ്രണ്ട് എസ് കമറുദീൻ തുടങ്ങിയവർ പങ്കെടുത്തു.