വൈപ്പിൻ: കോവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് ഫോക്ക്‌ലോർ ഫെസ്റ്റ് സന്ദർഭോചിത തുടക്കമെന്ന് കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ. വൈപ്പിൻകരയുടെ തനത് പ്രകൃതത്തിന് യോജിച്ച ബഹുവിധ തലങ്ങൾ ഉൾക്കൊള്ളുന്ന സാംസ്‌കാരികാഘോഷം കലാകാരൻമാർക്കു മാത്രമല്ല എല്ലാവിഭാഗം ജനങ്ങൾക്കും പ്രത്യാശ പകരുന്നതാണ്. ഫോക്ക്‌ലോർ ഫെസ്റ്റിനോടനുബന്ധിച്ച സംസ്‌കാരികാഘോഷങ്ങൾ നായരമ്പലം ഭഗവതി വിലാസം സ്‌കൂൾ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.

ഒരുപാട് കയറ്റിറക്കങ്ങളും പാഠഭേദങ്ങളും ഉണ്ടായ മലയാളത്തിന്റെ സാംസ്‌കാരികത്തനിമ പോലെ രാഷ്ട്രീയത്തിൽപ്പോലും ശക്തമായ ഇടപെടലുകൾക്കും ചലനങ്ങൾക്കും നിമിത്തമാകാൻ മറ്റൊരു മേഖലയ്ക്കും കഴിഞ്ഞിട്ടില്ല. വൈപ്പിൻ കരക്കാർ മാത്രമല്ല, കേരളീയ സമൂഹം ഒന്നാകെ ഉള്ളുകൊണ്ട് ആഗ്രഹിക്കുന്ന സംരംഭമാണ് ഫോക്ക് ലോർ ഫെസ്റ്റെന്നും മേയർ പറഞ്ഞു.

തൃക്കാക്കര എം എൽ എ പി ടി തോമസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് കോളജ് മുൻ ഡീൻ ഡോ. കെ എസ് പുരുഷൻ മുഖ്യാതിഥിയായി. സംഗീത സംവിധായകൻ സെബി നായരമ്പലം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ്, നായരമ്പലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ രാജീവ്, കാർഷിക ഗ്രാമ വികസന ബാങ്ക് സിഡ ന്റ് കെ കെ ബാബു, വാർഡ് അംഗം എൻ കെ ബിന്ദു, ഫെസ്റ്റ് കൺവീനർ അഡ്വ എ ബി സാബു തുടങ്ങിയവർ പ്രസംഗിച്ചു.

കാലടി ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാല ഭരതനാട്യം, മോഹിനിയാട്ടം വിഭാഗങ്ങൾ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു.ആർഎൽവി സിന്ധു, ആർഎൽവി രാമകൃഷ്ണൻ, ഡോ. ദിവ്യ നെടുങ്ങാടി, അനുപമ മേനോൻ, കലാമണ്ഡലം അശ്വതി, കലാമണ്ഡലം വേണി എന്നിവരുടെ നൃത്തങ്ങളും വേദിയിലെത്തി.

മുളവുകാട് കൾച്ചറൽ ഫൈൻ ആർട്ട്സ് ‘ഭീമഘടോൽകചം ബൊമ്മാനാട്ടം’ ഏകാങ്ക നാടകം അവതരിപ്പിച്ചു. ജി ശങ്കരപ്പിള്ള രചിച്ച് കാലിക്കൂട്ടം സുരേന്ദ്രൻ സംവിധാനം ചെയ്‌ത നാടകത്തിൽ ധർമ്മജൻ ബോൾഗാട്ടി ഉൾപ്പെടെ വേഷമിട്ടു. നാട്ടുകാരായ സംഗീത സംഘങ്ങളുടെയും വ്യക്തികളുടെയും ഉൾപ്പെടെ കലാവതരണങ്ങളും നടന്നു.