ജില്ലയിലെ പ്രതിദിന കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും, കോവിഡ് വാക്സിന്‍ ഒരു ഡോസില്‍ നിര്‍ത്തുന്നത്  സുരക്ഷിതമല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി. രണ്ടാം ഡോസും ബൂസ്റ്റര്‍ ഡോസും ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ എടുക്കണമെന്നും ഡി എം ഒ.

ജില്ലയിൽ  15-17 പ്രായപരിധിയിലുളള 73.4 ശതമാനം പേര്‍ ഇതിനോടകം ആദ്യഡോസ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 60 വയസിനു മുകളിലുളള 99 ശതമാനം പേരും 45-49 പ്രായപരിധിയിലുളള 84 ശതമാനം പേരും 18-44 പ്രായപരിധിയിലുള്ള 72 ശതമാനം പേരുമാണ് രണ്ടാംഡോസ് വാക്സിന്‍ സ്വീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് ഇതുവരെ 30 ശതമാനം പേര്‍ സ്വീകരിച്ചു.

കോവിഡ് രോഗബാധിതര്‍ മൂന്നു മാസത്തിനു ശേഷം മാത്രം വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. വാക്സിന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകുന്നതായി കാണുന്നില്ല. മരണവും, രോഗത്തിന്റെ സങ്കീര്‍ണതകളും ഒഴിവാക്കുന്നതിനായി അര്‍ഹരായ എല്ലാവരും എത്രയും വേഗം വാക്സിന്‍ എടുത്ത് സുരക്ഷിതരാകണമെന്ന് ഡി.എം.ഒ അറിയിച്ചു.