കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി വേങ്ങരയില്‍ ഹിറ്റാകുന്നു. കേരകൃഷിയുടെ വികസനത്തിനും സംരക്ഷണത്തിനും കര്‍ഷകരെ സഹായിക്കാനായി ആരംഭിച്ച കേരഗ്രാമം പദ്ധതിയില്‍ ഇതിനോടകം 1,000 കര്‍ഷകര്‍ ഭാഗമായി. മൂന്ന് വര്‍ഷ കാലാവധിയുള്ള പദ്ധതിയില്‍ പഞ്ചായത്തിലെ 250 ഹെക്ടര്‍ പ്രദേശത്തെ 43,750 തെങ്ങുകള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇതിനോടകം 200 ഹെക്ടറിലെ കര്‍ഷകര്‍ പദ്ധതിയുടെ ഭാഗമായതായി വേങ്ങര കൃഷി ഓഫീസര്‍ എം. നജീബ് പറഞ്ഞു.

50 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മികച്ച ഉല്‍പാദന വര്‍ധനവാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് തെങ്ങുകയറ്റ യന്ത്രങ്ങളും പമ്പുസെറ്റുകളും വിതരണം ചെയ്തു. തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിളക്കൃഷിക്കുള്ള സാമ്പത്തിക സഹായവും ഇതിനോടനുബന്ധിച്ച് കൃഷിവകുപ്പ് നല്‍കുന്നുണ്ട്. ചുരുങ്ങിയത് പത്ത് തെങ്ങുകളുള്ള ആര്‍ക്കും കേരഗ്രാമം പദ്ധതിയുടെ ഭാഗമാകാം. നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ് എന്നിവയുമായി കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ കേരഗ്രാമത്തിനായി അപേക്ഷ നല്‍കാം.