കൊച്ചിയുടെ നഗരഹൃദയത്തിന്റ വിളിപ്പാടകലെയാണ് മുളവുകാട് ഗ്രാമപഞ്ചായത്ത്. മംഗളവനവും ഗോശ്രീയും മറൈൻഡ്രൈവുമെല്ലാം അതിരിടുന്ന കൊച്ചിയുടെ സ്വന്തം ഗ്രാമീണ മുഖം. അടിസ്ഥാന വികസനവും ടൂറിസം മേഖലയുടെ വളർച്ചയും ലക്ഷ്യമിടുന്ന പഞ്ചായത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ
പ്രഥമ പരിഗണന കുടിവെള്ളത്തിന്
പടിഞ്ഞാറൻ മേഖലയോടും കായലിനോടും ചേർന്നുകിടക്കുന്നത് കൊണ്ട് തന്നെ കുടിവെള്ള പ്രശ്നം വളരെ രൂക്ഷമായ പ്രദേശമാണ് മുളവുകാട്. അതിനാൽ തന്നെ കുടിവെള്ളം എത്താതിരുന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഈ മേഖലകളിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചു. തോടുകളിലൂടെയും മറ്റും ഇട്ടിരുന്ന കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിച്ച് വരികയാണ്.
മുളവുകാട്, വല്ലാർപാടം കരകളിൽ കുടിവെള്ള ടാങ്കുകൾ നിർമിച്ചാൽ ജലക്ഷാമത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മുളവുകാട് വാട്ടർ ടാങ്ക് നിർമിക്കാൻ ആറ് കോടി രൂപയും , പനമ്പുകാട് വാട്ടർ ടാങ്ക് നിർമിക്കാൻ നാല് കോടി രൂപയും വേണ്ടിവരും. ഈ നിർമാണങ്ങൾ പൂർത്തിയായാൽ കുടിവെള്ളക്ഷാമം ഒരു പരിധി വരെ പരിഹരിക്കാനാകും.
ഹരിത കർമസേന
പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യുന്നതിനായി പഞ്ചായത്തിൽ ഹരിത കർമസേന രൂപീകരിച്ചു. ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് കയറ്റി അയക്കുകയാണ് ചെയ്യുന്നത്.
ക്ഷേമ പ്രവർത്തനങ്ങൾ
നിരവധി ക്ഷേമ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്. വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതി നടപ്പാക്കി വരികയാണ്. എസ്.സി വിഭാഗത്തിലുള്ള കുട്ടികൾക്ക് ഗ്രാന്റുകൾ, പഠനമുറി, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് തുടങ്ങിയവയും നൽകുന്നുണ്ട്.
ടൂറിസം
കൊച്ചി നഗരത്തിന്റെ സാമീപ്യം ടൂറിസം മേഖലയ്ക്ക് ഗുണകരമാകുന്ന തരത്തിൽ പ്രയോജനപ്പെടുത്തുക എന്നതാണ് മുളവുകാട് പഞ്ചായത്തിന്റെ ലക്ഷ്യം. വില്ലേജ് ടൂറിസം മാതൃകയിൽ ആയിരിക്കും പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഓപ്പൺ പാർക്കുകൾ, കഫെ, കെട്ടുവള്ളങ്ങൾ, അക്വാ ടൂറിസം, സൺസെറ്റ് പോയിന്റുകൾ എന്നിവക്ക് പ്രാധാന്യം നൽകും. മറൈൻഡ്രൈവ് മാതൃകയിൽ കായലോരത്ത് നടപ്പാതകൾ ഒരുക്കും.
കൃഷി
പച്ചക്കറിക്കൃഷിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനായി മൺചട്ടികളും ഗ്രോ ബാഗുകളും വിതരണം ചെയ്യുന്നുണ്ട്. ക്ഷീര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ആടുകളെയും വിതരണം ചെയ്തുവരുന്നു. മുട്ടക്കോഴികുഞ്ഞുങ്ങൾ ഉൾപ്പടെയുള്ളവയെ പഞ്ചായത്ത് ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു. സംസ്‌ഥാനത്ത് ഒരു കോടി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മുളവുകാട് പഞ്ചായത്തിലും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
ആരോഗ്യ മേഖല
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മുളവുകാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഓക്സിജൻ ബെഡുകൾ ഒരുക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിൽ കോവിഡ് ബാധിതരായി കഴിയുന്ന, ആവശ്യക്കാർക്ക് ഭക്ഷണം ഉൾപ്പടെ എത്തിച്ചുനൽകി. വീടുകളിൽ ക്വാറന്റീൻ സംവിധാനം ഇല്ലാത്തവർക്കായി ഡി.സി.സികൾ (ഡൊമിസിലിയറി കെയർ സെന്റർ) ഒരുക്കുകയും മുഴുവൻ സമയ ആംബുലൻസ് ഉൾപ്പടെ സജ്ജമാക്കുകയും ചെയ്തിരുന്നു.
അടിസ്ഥാന വികസനം
പഞ്ചായത്തിന്റെ കീഴിൽ വരുന്ന റോഡുകൾ നവീകരിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി തോടുകളും വൃത്തിയാക്കുകയാണ്. എക്കൽ അടിഞ്ഞ് തോടുകളുടെ ആഴം കുറഞ്ഞത് വെള്ളക്കെട്ടിന് കാരണമാക്കുന്നുണ്ട്. എക്കൽ നീക്കം ചെയ്ത് തോടുകളുടെ ഒഴുക്ക് സുഗമമാക്കിയാൽ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തോടുകളുടെ ശുചീകരണത്തിനായി 20 ലക്ഷം രൂപയോളം ഇതുവരെ ചെലവഴിച്ചു.
മുളവുകാട് -എറണാകുളം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മുളവുകാട് മുതൽ പൊന്നാരിമംഗലം വരെയുള്ള റോഡിന്റെ പണി പൂർത്തിയായി. ബോൾഗാട്ടി വരെയുള്ള ഭാഗത്താണ് ഇനി നവീകരണ പ്രവർത്തനങ്ങൾ നടക്കാനുള്ളത്. അത് പൂർത്തിയാകുന്നതോടെ കെ.എസ്.ആർ.ടി.സി സർവീസുകൾ തുടങ്ങാനും ലക്ഷ്യമിടുന്നുണ്ട്.
കളിസ്ഥലം
വല്ലാർപാടത്തും മുളവുകാടും കളിക്കളം ഒരുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വല്ലാർപാടത്ത് ടി.ജെ വിനോദ് എം.എൽ.എയുടെ സഹായത്തോടെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പോർട്ട് ട്രസ്റ്റ് നൽകിയ സ്ഥലം മുളവുകാടും ലഭ്യമായിട്ടുണ്ട്. ഇരുസ്ഥലങ്ങളിലും കോർട്ട് ഉൾപ്പെടെ ഒരുക്കണം.