കൃഷിയുടെ സവിശേഷതകള്‍ പുതുതലമുറ തൊട്ടറിയുന്നുവെന്നത് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ളാക പാടശേഖരസമിതിയുടെ കൊയ്ത്തുത്സവം ഇടയാറന്മുളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനമാണ് ളാക പാടശേഖസമിതിയെ സവിശേഷമാക്കുന്നത്. ജനകീയ പങ്കാളിത്തം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് ളാക പാടശേഖരസമിതിക്കുള്ളത്. ഏറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ളാകയില്‍ കൃഷിയിറക്കിയത്. എന്നാല്‍, ഏറ്റവും മികച്ച രീതിയില്‍ അവ തുടര്‍ന്നു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആദ്യം കൊയ്ത് എടുത്ത കറ്റ, നാട്ടാചാരം അനുസരിച്ചു ളാക ഇടയാറന്മുള ഭഗവതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിനു ക്ഷേത്രം ഭാരവാഹികള്‍ക്ക് കൈമാറി.ഇടയാറന്മുള എഎംഎച്ച്എസ്എസ്, കിടങ്ങന്നൂര്‍ എസ്‌വിജിവി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആറന്മുള ഗവ. വി.എച്ച്.എസ്എസ്, വല്ലന ടി.കെ.എം.ആര്‍.എം.വി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലുള്ള വിദ്യാര്‍ഥികള്‍ക്ക് കൊയ്ത്തു പരിശീലനം നല്‍കി. വിപരീത കാലാവസ്ഥാ സാഹചര്യത്തിലും വിജയകരമായി കൃഷി ചെയ്ത കര്‍ഷകന്‍ ഉത്തമനെ ചടങ്ങില്‍ ആദരിച്ചു.

പാടശേഖര സമിതി പ്രസിഡന്റ് സുനില്‍ ജി നെടുമ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ്. നായര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ് തോമസ്, ജയാകുമാരി, പി.ഡി.മോഹനന്‍, രമാദേവി, ആറന്മുള കൃഷി ഓഫീസര്‍ ആര്‍. ചന്ദന, ളാക ഇടയാറന്മുള എന്‍എസ്എസ് കരയോഗം പ്രസിഡന്റ് മുരളി ജി പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.