കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021-22 വര്‍ഷം നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘ഷീപാഡ് ‘ പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ ഹൈസ്‌കൂള്‍/ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ആറാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ആവശ്യാനുസരണം നാപ്കിന്‍ വിതരണവും, ഉപയോഗിച്ച പാഡ് ശാസ്ത്രീയമായി സംസ്‌കരിക്കാനുമുള്ള ഇന്‍സിനേറ്റര്‍ സ്‌കൂള്‍ ടോയിലറ്റുകളില്‍ സ്ഥാപിക്കലുമാണ് പദ്ധതി. വിദ്യാലയങ്ങളിലെ പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ പരിരക്ഷ ലക്ഷ്യം വെച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ വഴി സ്‌കൂളുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപീകരിക്കും. കൗണ്‍സിലിംഗ് ടീച്ചര്‍, സ്‌കൂള്‍ പരിധിയിലെ അങ്കണ്‍വാടി വര്‍ക്കര്‍, ആശാ വര്‍ക്കര്‍, യുവതീ ക്ലബ്ബ് ഭാരവാഹി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഓരോ സ്‌കൂളിലും ഇതിന്റെ നടത്തിപ്പും മോണിറ്ററിംഗും നിര്‍വ്വഹിക്കുന്നത്. കേരളാ വനിതാ വികസന കോര്‍പ്പറേഷനാണ് പദ്ധതിയുടെ കരാര്‍ നല്‍കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി ആവശ്യാനുസരണം പാഡുകള്‍ ലഭ്യമാക്കും.
മടിക്കൈ ജി.വി.എച്ച്.എസ് സ്‌കൂളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി.