കുടുംബപരമായി ചെയ്തുപോന്ന തൊഴിലിനെ പത്താം ക്ലാസിലെ പഠനത്തിനു ശേഷം ജീവിതമാര്‍ഗമാക്കുകയായിരുന്നു കെ.ജി സുശീല. തൊണ്ട് തല്ലിക്കൊണ്ടാണ് ഈ തൊഴില്‍ തുടങ്ങുന്നത്. പിന്നീട് കയര്‍ പിരിക്കാന്‍ പരിശീലനം ലഭിച്ചതോടെ കയര്‍ പിരിക്കാന്‍ തുടങ്ങി. അതില്‍ വൈദഗ്ധ്യം നേടി. 31 വര്‍ഷമായി കയര്‍ തൊഴിലാളിയായി ജീവിക്കുന്ന സുശീലയ്ക്ക് തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം ലഭിക്കുമ്പോള്‍ അഭിമാനത്തില്‍ കവിഞ്ഞ് മറ്റൊന്നുമില്ല.

അപ്രതീക്ഷിതമായാണ് സുശീല തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരത്തെ കുറിച്ച് അറിയുന്നതും അപേക്ഷിക്കുന്നതും. അതുപോലെ തന്നെയായിരുന്നു പുരസ്‌കാരനേട്ടവും. കാലങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന തന്റെ പൂര്‍വികര്‍ക്ക് തന്നിലൂടെ കിട്ടിയ അംഗീകാരമായിട്ടാണ് തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരത്തെ അവര്‍ കാണുന്നത്.

സഹകരണ സംഘത്തിന്റെ ഭാഗമായാണ് കയര്‍ പിരിക്കുന്നത്. എല്ലാവിധ പിന്തുണയും സംഘംവഴി ലഭിക്കുന്നുണ്ട്. പല പ്രതിസന്ധികളും ഈ തൊഴില്‍ മേഖല നേരിടുന്നുണ്ടെങ്കിലും ഇവിടെത്തന്നെ ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് തീരുമാനം. ആരോഗ്യം അനുവദിക്കുന്ന കാലംവരെ ഈ തൊഴില്‍ തന്നെ അഭിമാനത്തോടെ ചെയ്യുമെന്നും സുശീല വ്യക്തമാക്കി.