അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മഞ്ഞപ്ര, അയ്യമ്പുഴ, പഞ്ചായത്തുകളിലെ വിവിധ തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങൾ ജില്ലാ കലക്ടർ ജാഫർ മാലിക് സന്ദർശിച്ചു.
അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ” അയ്യമ്പുഴക്കൊരു ജീവധാര” പദ്ധതി പ്രകാരം കിണർ റീചാർജിങ് നടത്തുന്ന നാലാം വാർഡിലെ പ്രവർത്തന സ്ഥലം സന്ദർശിച്ച് വിലയിരുത്തി. അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു ജോമോൻ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എ.ജെ അജയ്, ജോയിന്റ് ബി.ഡി.ഒ വി.എ ഷണ്മുഖം എന്നിവരുണ്ടായിരുന്നു.

മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ തൊഴുത്ത് നിർമ്മാണ പ്രവർത്തനം , പതിനൊന്നാം വാർഡിലെ നഴ്സറി നിർമ്മാണം, ആറാം വാർഡിലെ കുഴിയംപാടം തോട്ടിലെ കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തി. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വിതരണം ചെയ്യുന്നതിനുള്ള തൈകളാണ് നഴ്സറിയിൽ ഉത്പാദിപ്പിക്കുന്നത്. വനംവകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. തോടുകളും നീർച്ചാലുകളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപ വകയിരുത്തിയാണ് കുഴിയംപാടം തോടിന്റെ വശങ്ങൾ കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്ന പ്രവർത്തനം നടപ്പിലാക്കുന്നത്. തോടിന്റെ തിട്ട ഇടിയുന്നത് തടയാൻ ഇതുവഴി സാധിക്കും. തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എ.ജെ അജയ്, മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ ലിബിയ പോൾ, ഓവർസിയർ പി.എൻ ഷൈജു എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.