ഏപ്രില്‍ ഒന്നിന് നടക്കുന്ന മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടന സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.അഡ്വ. എ രാജ എംഎല്‍എയെ രക്ഷാധികാരിയായും മാങ്കുളം ഗാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍, പഞ്ചായത്തംഗം ഷൈനി മാത്യു, വൈദ്യുതി ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ എ ഷാനവാസ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ വി വി ഹരിദാസ് തുടങ്ങിയവര്‍ ഉപരക്ഷാധികാരികളുമായുള്ള 101 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. അഡ്വ. എ രാജ എംഎല്‍എ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

വിവിധ കമ്മറ്റികളുടെ കണ്‍വീനര്‍മാരായി പ്രവീണ്‍ ജോസ്,എ പി സുനില്‍,സാജു ജോസ്, ബിജു മാനുവല്‍, മാത്യു മത്തായി തുടങ്ങിയവരെ തെരഞ്ഞെടുത്തു. മാങ്കുളം കെ എസ് ഇ ബി പ്രൊജക്ട് ഓഫീസില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍, മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ പ്രോജക്ട് മാനേജരും സംഘാടക സമതി ജനറല്‍ കണ്‍വീനറുമായ യു സന്തോഷ്‌കുമാര്‍, മറ്റ് വെദ്യുതി വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച്ച വൈകിട്ട് നാലിനാണ് മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനവും, വൈദ്യുതിവകുപ്പ് മാങ്കുളത്ത് പണികഴിപ്പിച്ചിട്ടുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനവും നടക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പങ്കെടുത്ത് നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി, മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.