കടമക്കുടി: പൊക്കാളികൃഷിയുടെ പെരുമ ദേശദേശാന്തരങ്ങളിൽ പെരുകുന്നതിന് വഴിയൊരുങ്ങി. നാടിന്റെ സ്വകാര്യ അഹങ്കാരമായ പൊക്കാളി തപാൽമുദ്രകളിൽ ഇടംപിടിച്ചു. പൊക്കാളികൃഷി മുദ്രണം ചെയ്‌ത പ്രത്യേക കവറും സ്റ്റാമ്പുമാണ് തപാൽ വകുപ്പ് പുറത്തിറക്കിയത്. കടമക്കുടി നെല്ലുത്പാദക പാടശേഖര സമിതി സംഘടിപ്പിച്ച കർഷക കൂട്ടായ്‌മയിൽ മധ്യമേഖല പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് കവറും സ്റ്റാമ്പും പ്രകാശനം ചെയ്‌തു. കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, ജില്ല ഡെവലപ്പ്മെന്റ് കമ്മീഷണർ ഷിബു അബ്‌ദുൾ മജീദ്, പാടശേഖര സമിതി പ്രസിഡന്റ് പി ആർ മണി എന്നിവർ ഏറ്റുവാങ്ങി.

പൊക്കാളികൃഷിയുടെ പരിപോഷണത്തിന് പാടശേഖര സമിതി സമർപ്പിച്ച 22 ആവശ്യങ്ങൾ അടങ്ങിയ നിവേദനം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും നടപ്പാക്കുന്നതിന് യത്നിക്കുമെന്നും കർഷക കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌ത കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. ശാസ്ത്രീയവും സമഗ്രവുമായ പദ്ധതി പൊക്കാളിക്കൃഷിക്കുവേണ്ടി സർക്കാർതലത്തിൽ തയ്യാറാക്കും. ഇക്കാര്യം നിയമസഭയിലും ബന്ധപ്പെട്ട വകുപ്പ് അധികൃതർക്കുമുന്നിലും എംഎൽഎമാർക്കായി നടത്തിയ പ്രത്യേക ശിൽപശാലയിലും ഉന്നയിച്ചിട്ടുണ്ട്. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന സർക്കാരിന്റെ പുതിയ ജനകീയ ബൃഹത് പദ്ധതിയിൽ പൊക്കാളിക്ക് അർഹമായ പരിഗണന ലഭിക്കുമെന്നും കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.

കുഡുംബി സേവാസംഘം ഹാളിൽ നടന്ന പരിപാടിയിൽ കടമക്കുടി നെല്ലുത്പാദക പാടശേഖര സമിതി പ്രസിഡന്റ് പി ആർ മണി അധ്യക്ഷനായി. ജില്ല ഡെവലപ്പ്മെന്റ് കമ്മീഷണർ ഷിബു അബ്‌ദുൾ മജീദ് മുഖ്യപ്രഭാഷണം നടത്തി.