സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല പ്രദര്‍ശന വിപണന മേളയുടെ സെമിനാര്‍ സബ് കമ്മിറ്റി അവലോകന യോഗം ചേര്‍ന്നു. സാഹിത്യ അക്കാദമി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രദര്‍ശന വിപണന മേളയുടെ സംഘാടക സമിതി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുള്‍ കരീം സി പി മേളയെക്കുറിച്ച് വിശദീകരിച്ചു. സെമിനാര്‍ സബ് കമ്മിറ്റി കണ്‍വീനറും കില ഡയറക്ടറുമായ ജോയ് ഇളമണ്‍ വിവിധ വകുപ്പുകള്‍ നല്‍കിയിട്ടുള്ള സെമിനാര്‍ വിഷയങ്ങളെക്കുറിച്ച് യോഗത്തെ അറിയിച്ചു.

എക്‌സിബിഷന്‍ ദിവസങ്ങളിലെ 19 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലായിരിക്കും സെമിനാറുകള്‍ നടത്തുക. ഇതില്‍ നാല് ദിവസങ്ങളില്‍ രാവിലെ 11 മണിക്കും ആറ് ദിവസവും വൈകീട്ട് മൂന്ന് മണിക്കും സെമിനാറുകള്‍ ഉണ്ടായിരിക്കും. സെമിനാറുകള്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതും പൊതുജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളുമായിരിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ടൂറിസം ജില്ലയിലെ വികസന സാധ്യതകള്‍, കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, വ്യവസായ സംരഭകത്വം, ജനകീയാസൂത്രണം, പുതുതലമുറ സാങ്കേതിക വിദ്യ സാധ്യതകള്‍, സൈബര്‍ ക്രൈം, ലിംഗനീതിയും ഭാവിയും, കുടുംബശ്രീ, ദുരന്തനിവാരണം, ഊര്‍ജ്ജശ്രോതസ് അനന്തസാധ്യതകള്‍ എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ നടക്കുക. സെമിനാറുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 19 ന് നടക്കും. .