ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ആസൂത്രണസമിതിയുടെ സെമിനാർ
ആസൂത്രണമെന്നത് യഥാർത്ഥ കലയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. രാജ്യത്തിനു മാതൃകയായി അധികാര വികേന്ദ്രീകരണം കേരളത്തിലാണെന്നും ജനാധിപത്യ വൽക്കരണം എന്ന നിർവചനത്തിൽ അധിഷ്ഠിതമായ കേരളത്തിന്റെ സമീപനമാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലാ ആസൂത്രണസമിതി ഓഫീസ് സംഘടിപ്പിച്ച ‘പതിനാലാം പഞ്ചവത്സരപദ്ധതി വികസന നയസമീപനം’ എന്ന വിഷയത്തിൽ മുഖ്യാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ജനപ്രതിനിധികൾ പങ്കെടുത്ത സെമിനാറിൽ പഞ്ചായത്തിനെ എങ്ങനെ കൂടുതൽ ജനകീയമാക്കാമെന്നത് അദ്ദേഹം ചർച്ച ചെയ്‌തു. ഓരോ പഞ്ചായത്തിനും മാസ്റ്റർപ്ലാൻ വേണമെന്നും മാസ്റ്റർപ്ലാനിലൂടെ പദ്ധതികൾക്ക് വേണ്ട പണം കണ്ടെത്താനാവുമെന്നും അദ്ദേഹം വിശദീകരിച്ചു.
14-ാം പഞ്ചവത്സരപദ്ധതി കേരളത്തിലെ വികസനപാതയിലെ നിർണ്ണായകഘട്ടമാണെന്നും കേരളത്തിന്റെ പുനസൃഷ്ടി അനിവാര്യമായ സമയമാണിതെന്നും സംസ്ഥാന ആസൂത്രണബോർഡ് വികേന്ദ്രീകരണ ആസൂത്രണവിഭാഗം അംഗം ഡോ. ജിജു പറഞ്ഞു. വികസനസൂചിക നിലനിർത്തുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. അതിനു മൂലധനനിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.കേരളത്തിന്റെ ഉൽപ്പാദന മേഖലയിലെ വളർച്ച, സംരഭകരെ പ്രോത്സാഹിപ്പിക്കൽ, അതിജീവനക്ഷമത ആർജ്ജിക്കൽ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡേഴ്സ് എന്നിവർക്ക് വേണ്ടിയുള്ള പുതിയ പദ്ധതികൾ എന്നിവയും പദ്ധതിയുടെ പ്രധാനനയങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു.