രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ എന്റെ കേരളം മെഗാ എക്‌സിബിഷന്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് മെയ് 7 മുതല്‍ 13 വരെ വിപുലമായ പരിപാടികളോടെ നടക്കും. മേയ് 7 ന് വൈകീട്ട് 4 മണിക്ക് ജില്ലയുടെ ചുമതലയുള്ള വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും.
ഏഴ് ദിവസങ്ങളിലായി 10 സെമിനാറുകളും 9 കലാ- സാംസ്‌കാരിക പരിപാടികളും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും. കാര്‍ഷിക- ഭക്ഷ്യ മേളയും ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന മേളയിലും കലാപരിപാടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. മേളയുടെ ഒരുക്കങ്ങള്‍ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് പുരോഗമിക്കുകയാണ്.