ന്യായ വിലയ്ക്ക് മായം ചേര്‍ക്കാതെ നല്ല ഭക്ഷണം

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം വണ്ടിപ്പെരിയാറില്‍ നടന്നു. സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.
പ്രാദേശികമായി നടന്ന ചടങ്ങ് വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പീരുമേട് നിയോജകമണ്ഡലത്തിലെ ആദ്യത്തെ സുഭിക്ഷ ഹോട്ടല്‍ ആണ് വണ്ടിപ്പെരിയാര്‍ ടൗണില്‍ ആരംഭിച്ചത്. തോട്ടം മേഖലയിലെ സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് പദ്ധതിയെന്ന് എംഎല്‍എ പറഞ്ഞു. ന്യായ വിലയ്ക്ക്, മായം ചേര്‍ക്കാതെ നല്ല ഭക്ഷണം ഉത്തരവാദിത്വപൂര്‍വം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫിസര്‍ അനില്‍കുമാര്‍ കെപി, താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.