എൻ്റെ കേരളം പ്രദർശന നഗരിയിലെ കാർഷികമേള സന്ദർശിക്കുന്നവർക്ക് ചോദ്യങ്ങളിലൂടെ കാർഷിക വിജ്ഞാനം കൂടി പകർന്നു കൊടുക്കുകയാണ് പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ഹെഡ് ക്ലർക്ക് ആയ ശ്രീജിത്ത് ശ്രീ വിഹാർ. കാർഷിക വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ആവശ്യകത ചോദ്യങ്ങളിലൂടെ ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാൻ ജില്ലയിലെ കൃഷി വകുപ്പ് കണ്ടെത്തിയ മാർഗങ്ങളിൽ ഒന്നാണ് കാർഷിക ക്വിസ്. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നവർക്ക് പേനകൾ, വിത്തുകൾ, തൈകൾ എന്നിവയാണ് സമ്മാനം നൽകുന്നത്. കേരളത്തിൻ്റെ കൃഷി വകുപ്പ് മന്ത്രി മുതൽ പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്ന ഫലം വരെയുള്ള വൈവിധ്യമാർന്ന ചോദ്യങ്ങൾ കാർഷിക ക്വിസിനെ വേറിട്ടു നിർത്തുന്നു. ഔഷധ സസ്യങ്ങളെ കാണിച്ചു കൊണ്ടുള്ള ചോദ്യങ്ങളും കാർഷിക ക്വിസിൽ ഇടം നേടുന്നുണ്ട്. പാരമ്പര്യ കർഷകരെയും കാർഷിക പ്രസ്ഥാനങ്ങളെയും അപൂർവ ഇനം സസ്യങ്ങളെയും കാർഷിക ക്വിസിലൂടെ പരിചയപ്പെടുത്തി നൽകുകയാണ് ക്വിസ് വേദി. കാർഷിക മേള സന്ദർശിക്കാൻ എത്തുന്നവർ മടി കാണിക്കാതെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് കാർഷിക ക്വിസിന് കൂടുതൽ ജനകീയത നല്കുന്നുണ്ട്.
