രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ തല ആഘോഷത്തിലെ പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി വിരല്‍തുമ്പില്‍ ലഭിക്കുന്നതോടെ ഐടി മിഷന്‍ അക്ഷയ സ്റ്റാളില്‍ തിരക്കേറി. മേളയുടെ ആദ്യം ദിവസം തന്നെ നൂറിലേറെ ആളുകളാണ് ഐടി മിഷന്‍ അക്ഷയ സ്റ്റാള്‍ സന്ദര്‍ശിച്ചത്. ആധാറില്‍ മേല്‍വിലാസം തിരുത്തല്‍, മൊബൈല്‍ നമ്പര്‍ മാറ്റല്‍, ജനന തിയതി തിരുത്തല്‍, പുതിയ ആധാര്‍ എന്റോള്‍മെന്റ്, വാഹന സംബന്ധമായ അപേക്ഷകള്‍, വില്ലേജ് താലൂക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ഇ-ശ്രം രജിസ്ട്രേഷന്‍, ബാങ്കിങ് സര്‍വീസ് മുതലായ സേവനങ്ങള്‍ ഇവിടെ സൗജന്യമായി ലഭിക്കും. മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായ അപേക്ഷ, റേഷന്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള സേവനങ്ങളും സൗജന്യമായി ഇവിടെ ചെയ്യും. പത്തോളം സ്റ്റാഫുകളുടെ സേവനമാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്.

പൊതുജനങ്ങള്‍ക്ക് അവരുടെ രേഖകള്‍ (ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് മുതലായവ) ഓണ്‍ലൈനായി സൂക്ഷിക്കുന്നതിനുതകുന്ന ഡിജിറ്റല്‍ ലോക്കര്‍ സൗകര്യം പരിചയപ്പെടുത്തുന്നുണ്ട്. സ്റ്റാള്‍ പരിസരത്ത് വൈഫൈ സൗകര്യവും ഐടി മിഷന്‍ മുഖേന ഒരുക്കിയിട്ടുണ്ട്. പൈനാവ് മോഡല്‍ പൊളി ടെക്നിക് കോളേജിലെ കുട്ടികളുടെ നൂതന പ്രോജക്ടുകള്‍ കാണുന്നതിനുള്ള അവസരവും സ്റ്റാളിലുണ്ട് . ക്വിസ് മത്സരവും സെല്‍ഫി പോയിന്റും ഇന്ന് (11.5.22) മുതല്‍ ഐടി മിഷന്‍ സ്റ്റാളില്‍ ഒരുക്കും.