കേരളത്തില്‍ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്‌ക്കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വേറിട്ടതും സ്ഥിരതയുള്ളതും വരുമാനദായകവുമായ സംരഭമാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം. ഗോത്രജനതയുടെ വൈവിധ്യങ്ങളെ ഒരുകുടക്കീഴില്‍ അണിനിരത്താനാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം പരിശ്രമിക്കുന്നത്.

ഗോത്രജനതയുടെ സമഗ്രമായ ജീവിത പുരോഗതി ലക്ഷ്യമിടുന്ന വിധത്തി ല്‍ മാതൃകാപരമായി കേരളത്തിലെ ഗോത്ര പാരമ്പര്യ വൈവിധ്യങ്ങളെ എന്‍ ഊര് പൈതൃകഗ്രാമം കോര്‍ത്തിണക്കും. ഇതുവഴി ഗോത്രജനതയ്ക്ക് സ്ഥിര വരുമാന വര്‍ധനവിനും ജീവിത അഭിവൃദ്ധിക്കും അവസരം അരുക്കുകയാണ് ലക്ഷ്യം.

പുതിയ തലമുറകള്‍ക്കായി ഗോത്ര കലകള്‍, വാസ്തു വൈദഗ്ധ്യങ്ങള്‍, പൈതൃകങ്ങള്‍, പാരമ്പര്യ വിജ്ഞാനീയം എന്നിവയുടെ സംരക്ഷണവും പരിപോഷണവും ലക്ഷ്യമിടുന്നു. ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രയോഗിക സാമ്പത്തിക വരുമാന മാതൃകകള്‍ ആവിഷ്‌ക്കരിക്കുക, ഗോത്ര സമൂഹത്തിന് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഇടനിലക്കാരനില്ലാതെ നേരിട്ടുള്ള വിപണി ഒരുക്കുക, വിവിധ സ്വയംതൊഴില്‍ സംരംഭങ്ങളില്‍ പരിശീലനം നല്‍കി ഇവര്‍ക്കിടയില്‍ ഉപജീവനത്തിനുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുക, ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ ശുചിത്വ പരിപാലനം, ആരോഗ്യ സംരക്ഷണം, സാക്ഷരത തുടങ്ങിയവയെക്കുറിച്ചുള്ള ബോധവത്ക്കരണം ഉറപ്പാക്കുക, ഗോത്ര വിഭാഗങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, സന്നദ്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി വിനിമയം ചെയ്ത് സാമ്പത്തികാഭിവൃദ്ധിക്കുള്ള കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക,
സര്‍ക്കാര്‍ സഹായത്തോടെയും പിന്തുണയോടെയും ഗോത്ര ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കുക തുടങ്ങിയവ പ്രധാന ലക്ഷ്യങ്ങളാണ്.

ഗോത്ര വിപണി

ഗോത്ര വിഭാഗങ്ങള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, പാരമ്പരാഗത തനത് കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ച മരുന്നുകള്‍, മുള ഉത്പന്നങ്ങള്‍, ചൂര ഉല്‍പ്പന്നങ്ങള്‍, പാരമ്പര്യ ഔഷധ ചെടികള്‍ തുടങ്ങിയവ വില്‍ക്കുന്ന ഗോത്ര വിപണി തയ്യാറായിട്ടുണ്ട്. വിവിധ ഗോത്ര വിഭാഗത്തിന്റെ കരകൗശല വൈദഗ്ധ്യം നേരിട്ട് കാണാനും ഇവിടെ അവസരമൊരുക്കും.

ഓപ്പണ്‍ എയര്‍ തിയേറ്റര്‍

എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കുന്ന ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ ഗോത്രകലാവതരണം നടക്കും

ട്രൈബല്‍ കഫറ്റീരിയ (വംശീയ ഭക്ഷണശാല)

രണ്ട് പ്രീമിയം കഫ്റ്റീരിയകളാണ് ഇവിടെ സജ്ജീകരിച്ചത്. ഗോത്ര വിഭാഗങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളും മറ്റുള്ള വിഭവങ്ങള്‍ക്കൊപ്പം ഇവിടെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടാം. ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ ഹൗസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രകൃതി സൗഹൃത കളിമൈതാനങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന കുട്ടികളുടെ പാര്‍ക്ക്, ഗോത്ര പൈതൃകങ്ങളെ തൊട്ടറിഞ്ഞുള്ള ഹെറിറ്റേജ് വാക്ക്‌വേ, ഗോത്ര ജീവിത ചാരുതകളും ചരിത്രങ്ങളും നാള്‍ വഴികളും വിശദമാക്കുന്ന ഗോത്ര പുനരാഖ്യാന കേന്ദ്രം, ഗോത്ര കലാകാരന്മാര്‍ക്ക് കലകള്‍ ആവിഷ്‌ക്കരിക്കുന്നതിന് കരകൗശല ഉല്‍പ്പന്നങ്ങളും പരമ്പരാഗത ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണിശാല തുടങ്ങിയവയും സജ്ജീകരിക്കുന്നുണ്ട്.