ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പാചക തൊഴിലാളികൾക്കുള്ള പരിശീലനം ആരംഭിച്ചു. പൊതുവിദ്യാഭാസ വകുപ്പും
ഭക്ഷ്യസുരക്ഷാവകുപ്പും ചേർന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തിയ പരിശീലന പരിപാടി ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയുള്ള പി എം ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ ആമുഖപ്രഭാഷണം നടത്തി. തൃശൂർ ഭക്ഷ്യ സുരക്ഷ ഓഫീസർ ഡോ. രേഖ, പുതുക്കാട് ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ. ഷാമില എന്നിവർ സംസാരിച്ചു. ട്രെയിനർ, മുഹമ്മദ് ജാഫറിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ നൂൺ ഫീഡിങ് സൂപ്പർവൈസർ ബിനു വർഗ്ഗീസ് ഡി സ്വാഗതവും സൂപ്രണ്ട് സന്തോഷ്‌ കൃഷ്ണ നന്ദിയും പറഞ്ഞു.

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്നങ്ങളുടെ ഭാഗം കൂടിയായാണ് പരിശീലനം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാർ, എം എൽഎമാർ, മേയർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മറ്റ് ജനപ്രതിനിധികൾ എന്നിവർ സ്കൂളുകൾ സന്ദർശിച്ച് ഉച്ചഭക്ഷണം പരിശോധിച്ചിരുന്നു. ഉദ്യോഗസ്ഥരും സ്കൂളുകൾ സന്ദർശിച്ചിരുന്നു. 3 ദിവസം കൊണ്ട് 487വിദ്യാലയങ്ങളാണ് വിദ്യാഭ്യാസ ഓഫീസർമാരും മറ്റുദ്യോഗസ്ഥരും സന്ദർശിച്ചത്.