കുന്നംകുളത്തെ സ്വപ്ന പദ്ധതികളായ തുറക്കുളം മാര്‍ക്കറ്റ് നിര്‍മ്മാണം, ആധുനിക അറവുശാല നിര്‍മ്മാണ പൂര്‍ത്തീകരണം എന്നിവയ്ക്ക്ഊന്നല്‍ നല്‍കി നഗരസഭ 14-ാം പഞ്ചവത്സര പദ്ധതി, 2022-23 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ അവതരിപ്പിച്ചു. നഗരസഭയില്‍ തൊഴില്‍ സംരംഭകത്വം ഉറപ്പാക്കുന്നതിനും പട്ടികജാതി ക്ഷേമം, സ്ത്രീ സുരക്ഷ, വയോജന പരിരക്ഷ എന്നിവയ്ക്കും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും മാര്‍ഗരേഖകള്‍ തയ്യാറാക്കി.

നഗരസഭ ടൗണ്‍ ഹാളില്‍ എ സി മൊയ്തീന്‍ എം എല്‍ എ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച വികസന സെമിനാറില്‍ വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷാണ് പദ്ധതി അവതരിപ്പിച്ചത്. നല്ല വീട് നല്ല നഗരം പദ്ധതിയുടെ രണ്ടാംഘട്ടത്തിലെസീവേജ് പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കല്‍, കുറുക്കന്‍ പാറ ഗ്രീന്‍ പാര്‍ക്കില്‍ ഗ്രീന്‍ ടെക് ഫെസിലിറ്റി സെന്റര്‍, റിങ് റോഡ് വികസനം, ഭവനപദ്ധതി പൂര്‍ത്തീകരണം, സ്‌കൂളുകളുടെ വികസനം, കിണര്‍ റീച്ചാര്‍ജിങ്, ആരോഗ്യ മേഖലയിലെ സൗകര്യം മെച്ചപ്പെടുത്തല്‍, പട്ടികജാതി കോളനി വികസനം, കുടുംബശ്രീ സംരംഭകത്വം എന്നിവയും നടപ്പിലാക്കും.

നാളികേര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ വെളിച്ചെണ്ണ യൂണിറ്റ്, ഓണത്തിനൊരു പൂക്കൂട പദ്ധതി, അങ്കണവാടികളെ മെച്ചപ്പെടുത്തല്‍, വാതില്‍പ്പടി സേവനം, ചൊവ്വന്നൂര്‍ കമ്യൂണിറ്റി ഹാള്‍ പൂര്‍ത്തീകരണം, നഗരസഭയില്‍ സാമൂഹ്യപഠന കേന്ദ്രം എന്നിവയ്ക്കും ഊന്നല്‍ നല്‍കും. സമഗ്ര നെല്‍കൃഷി, തെങ്ങുകൃഷി, കന്നുകാലി പരിചരണം എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും. സര്‍ക്കാര്‍ ഓഫീസുകളുടെ നവീകരണം, സ്ത്രീ, ഭിന്നശേഷി സൗഹൃദ നഗരസഭ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും. തദേശ സ്ഥാപനങ്ങളില്‍ വികസന പങ്കാളിത്ത നയം ഉണ്ടാക്കണമെന്നും വിഭവ സമാഹരണത്തിനായി പുതിയമാര്‍ഗങ്ങള്‍ തേടണമെന്നും എ സിമൊയ്തീന്‍ എം എല്‍ എ പറഞ്ഞു.

ചടങ്ങില്‍ നഗരസഭ ഹരിത കര്‍മസേനയ്ക്ക് മൊബൈല്‍ ആപ് സേവനത്തിനായി വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നു ലഭിച്ച 4, 80, 000 രൂപയുടെ ചെക്കും എം എല്‍ എ കൈമാറി. യോഗത്തില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സജിനി പ്രേമന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി സോമശേഖരന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രിയ സജീഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ ഷബീര്‍, കൗണ്‍സിലര്‍മാരായ എ എസ് സുജീഷ്, ഗീതാ ശശി, ബീന രവി എന്നിവര്‍ സംസാരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് പി എസ് ഉഷാകുമാരി നന്ദിയും പറഞ്ഞു.