ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ നവീകരിച്ച ഒളരിക്കരയിലെ നല്ലെണ്ണ ഉല്‍പാദന യൂണിറ്റിന്റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. ഖാദി മേഖലയുടെ ഉണര്‍വിനായും നവീകരണത്തിനായുമുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പൊതുവിപണിയോട് കിടപിടിക്കുന്ന തരത്തിലുള്ള നവീന തുണിത്തരങ്ങളുടെ ഉല്‍പാദനം ഓണ വിപണിയെ ലക്ഷ്യമാക്കി നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു.
2021-22 വര്‍ഷത്തെ പദ്ധതിവിഹിതം ഉപയോഗിച്ചാണ് ഒളരിക്കരയിലെ എണ്ണ ഉല്‍പാദന കേന്ദ്രത്തില്‍ പുതിയ യന്ത്രസംവിധാനത്തോടെ എണ്ണ ഉല്‍പാദനം ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് ശുദ്ധമായ നല്ലെണ്ണ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ഉന്നതഗുണനിലവാരമുള്ള എള്ള് ഉപയോഗിച്ച് ഈ യൂണിറ്റില്‍ നല്ലെണ്ണ ഉല്‍പാദിപ്പിക്കുന്നു. 450 ഗ്രാമിന് 220 രൂപ എന്ന രീതിയിലാണ് വില്‍പന. ഭക്ഷ്യയോഗ്യമായ കലര്‍പ്പില്ലാത്ത നല്ലെണ്ണ ഓഷധാവശ്യങ്ങള്‍ക്കായും ഉപയോഗിക്കാന്‍ കഴിയും. രണ്ട് പേര്‍ക്ക് സ്ഥിരമായും നാല് പേര്‍ക്ക് സീസണലായും ഈ യൂണിറ്റില്‍ തൊഴില്‍ ലഭിക്കും. പ്രതിമാസം 2000 കിലോഗ്രാം നല്ലെണ്ണ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള യൂണിറ്റാണിത്. കേരളത്തിലെ എല്ലാ ഖാദി വിപണന കേന്ദ്രങ്ങളിലൂടെയുമാണ് വിപണനം നടക്കുക.
എല്‍ത്തുരുത്ത് ഡിവിഷന്‍ കൗണ്‍സിലര്‍ സജിത ഷിബു അധ്യക്ഷത വഹിച്ച പരിപാടിയില്‍ കേരള ഗ്രാമവ്യവസായ ബോര്‍ഡ് സെക്രട്ടറി കെ എ രതീഷ്, ഖാദി ബോര്‍ഡ് മെമ്പര്‍ എസ് ശിവരാമന്‍, പ്രൊജക്ട് ഓഫീസര്‍ എസ് സജീവ് എന്നിവര്‍ പങ്കെടുത്തു.