ആലപ്പുഴ: ജില്ലയിലെ അർഹരായവർക്കെല്ലാം മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. അനർഹരിൽ നിന്ന് കണ്ടെത്തിയ മുൻഗണനാ കാർഡുകൾ അർഹരായ 987 കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിൻറെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവർക്ക് സർക്കാർ സഹായം ലഭ്യമാകുന്നതിനുള്ള പ്രധാനപ്പെട്ട രേഖയായ റേഷൻ കാർഡ് അർഹതയനുസരിച്ചുളള തരത്തിൽ തന്നെ ലഭ്യമാക്കേണ്ടതുണ്ട്. ഇതിനു വേണ്ടിയാണ് റേഷൻ കാർഡുകളുടെ മുൻഗണനാ പട്ടികയുടെ ശുദ്ധീകരണത്തിന് സർക്കാർ നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ 32 പേർ മുൻഗണനാ റേഷൻ കാർഡുകൾ ഏറ്റുവാങ്ങി.എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. രേണു രാജ്, ജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ് എം. സുൾഫിക്കർ, ജൂനിയർ സൂപ്രണ്ട് റസിയ ബീഗം തുടങ്ങിയവർ പങ്കെടുത്തു.