തിരുവനന്തപുരം: കയര്‍ത്തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാനും വരുമാനലഭ്യത ഉറപ്പാക്കാനും പുതിയ പദ്ധതിയുമായി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്.  ‘റാട്ടിന്റെ സംഗീതം’ എന്ന പേരില്‍ അവതരിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ റോ മെറ്റീരിയല്‍ ബാങ്ക് ആരംഭിക്കും.  കഠിനംകുളം, അഴൂര്‍, മംഗലപുരം, അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തുകളിലെ വിവിധ കയര്‍ സഹകരണ സംഘങ്ങളില്‍ അംഗമായവര്‍ക്ക് പദ്ധതിപ്രകാരം അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കും.

മൂന്ന് പേരടങ്ങുന്ന കയറുപിരി തൊഴിലാളി സംഘങ്ങള്‍ക്ക് മുപ്പതിനായിരം രൂപയുടെ ചകിരി  ലഭ്യമാക്കും. ഇത് ഉപയോഗിച്ചുണ്ടാക്കുന്ന കയര്‍ സഹകരണ സംഘങ്ങള്‍ വഴിതന്നെ വിപണനം ചെയ്യും. പദ്ധതിക്കായി ആദ്യവര്‍ഷം 25 ലക്ഷം രൂപയാണ് ബ്ലോക്ക് വകയിരുത്തിയിരിക്കുന്നത്. ബ്ലോക്ക് പരിധിയിലെ 250 കയര്‍ത്തൊഴിലാളികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് പറഞ്ഞു. കയര്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ ആദ്യ തദ്ദേശസ്ഥാപനമാണ് പോത്തന്‍കോട് ബ്ലോക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.