2022-23 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള പ്രവേശന നടപടികൾ ഏഴിന് ആരംഭിക്കും. സർക്കാർ, സർക്കാർ എയ്ഡഡ്, IHRD, CAPE,  സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു / വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE പാസായവർക്ക്  നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.

ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്‌ക്കർഷിച്ചിരിക്കുന്ന 11 അഡീഷണൽ കോഴ്‌സുകളിലേതെങ്കിലും)  എന്നീ വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ച് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. മേൽ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇക്കാർക്കും അപേക്ഷിക്കാം. രണ്ടു വർഷ ITI/KGCE കോഴ്‌സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പ് വൺ ടൈം രജിസ്‌ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും www.polyadmission.org/let. 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.