ഒക്കല്‍ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ പുതിയതായി ആരംഭിക്കുന്ന കാര്‍ഷിക പരിശീലന സംവിധാനത്തിന് മുന്നോടിയായി ഒന്‍പത് കാര്‍ഷിക ബിരുദ വിദ്യാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കി. ഒക്കല്‍ വിത്തുല്പാദന കേന്ദ്രം കൂടാതെ കാക്കനാട് വി.എഫ്.പി.സി.കെ (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള), വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം, കേന്ദ്ര സ്ഥാപനമായ സി.ഐ.പി.എം.സി (സെന്‍ട്രല്‍ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് സെന്റര്‍) കാക്കനാട് എന്നിവിടങ്ങളിലായാണ് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ആഴ്ചകളിലായി പരിശീലനം നല്കിയത്. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ശാരദ മോഹന്‍, മനോജ് മൂത്തേടന്‍, കെ.വി.രവീന്ദ്രന്‍, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.ജെ ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അമൃത സജീവ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.