പനമരം റവന്യൂ ബ്ലോക്ക് ആരോഗ്യമേള നാളെ (ജൂലൈ 23) പനമരം ഗവ. എല്‍.പി സ്‌കൂളില്‍ നടക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി വിഷയാവതരണം നടത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആരോഗ്യ മേളയോടനുബന്ധിച്ച് രാവിലെ 9.30ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്നും ആരംഭിക്കുന്ന വിളംബര ജാഥ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഫ്ളാഗ് ഓഫ് ചെയ്യും.

സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് ആന്റ് വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികം പ്രമാണിച്ചാണ് റവന്യൂ ബ്ലോക്കുകളില്‍ ആരോഗ്യ മേളകള്‍ സംഘടിപ്പിക്കുന്നത്. പ്രദര്‍ശന സ്റ്റാളുകള്‍, സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍, കായിക പ്രദര്‍ശന മത്സരങ്ങള്‍ തുടങ്ങി ആരോഗ്യസംബന്ധമായ വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ സംബന്ധമായ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുകയും അവരില്‍ കാലികമായ ആരോഗ്യ അവബോധം സൃഷ്ടിക്കുകയുമാണ് മേളയുടെ ലക്ഷ്യം.