കുന്നംകുളം നഗരസഭയില്‍ പാതയോര
പൊതുശുചിമുറി സംവിധാനമായ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
ത്രിവേണി ജംഗ്‌ഷന് സമീപം രണ്ട് ശുചിമുറികളാണ് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മേല്‍നോട്ടത്തിൽ രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെയാണ് പ്രവര്‍ത്തനം.

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ശുചിമുറി സംവിധാനം എളുപ്പമാക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് ടേക്ക് എ ബ്രേക്ക് നഗരത്തോട് ചേര്‍ന്നു തന്നെ നിര്‍മ്മിച്ചിട്ടുള്ളത്. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. ഗുരുവായൂര്‍ റോഡിലുള്ള വഴിയോര വിശ്രമകേന്ദ്രത്തിലും പൊതുശുചിമുറി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ നിർവ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി സോമശേഖരന്‍, പി കെ ഷെബിര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍, കൗണ്‍സിലര്‍ സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.