ശാന്തന്‍പാറ ഗ്രാമപഞ്ചായത്തില്‍ സി ഡി എസിനു കീഴിലെ ചെറുകിട സംരംഭക പദ്ധതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മികച്ച യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ലഘുലേഖയുടെ പ്രകാശനവും പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ലിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്യാമള ബാലന്‍ അദ്ധ്യക്ഷത വഹിച്ചു.

കുടുംബശ്രീയ്ക്ക് കീഴില്‍ കേരളം പുനര്‍നിര്‍മ്മാണ പദ്ധതി (റീബില്‍ഡ് കേരള ഇനീഷ്യയെറ്റിവ് – എന്റര്‍പ്രെണര്‍ഷിപ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം) ഫണ്ട് വിനിയോഗിച്ച് പ്രവര്‍ത്തിച്ചുവരുന്ന 22 അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും പരിപാടിയില്‍ വിതരണം ചെയ്തു. തയ്യല്‍ യൂണിറ്റ്, കുടനിര്‍മ്മാണം, കട നടത്തുന്നവര്‍, ഓട്ടോ ഓടിക്കുന്നവര്‍, ആടുവളര്‍ത്തല്‍ തുടങ്ങി വിവിധ തരത്തിലുള്ള സ്വയംതൊഴില്‍ സംരംഭകര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.

ആടുവളര്‍ത്തല്‍ രീതികള്‍, പരിപാലനം, ശാസ്ത്രീയ രീതിയിലുള്ള ചാണക സംസ്‌കരണം എന്നിവയെല്ലാം പ്രതിപാദിക്കുന്ന ലഘുലേഖയുടെ പ്രകാശനവും ചടങ്ങില്‍ നടത്തി. ഏറ്റവും നല്ല സംരംഭകയായി കുടുംബശ്രീ ജില്ലാ മിഷന്‍ തെരെഞ്ഞെടുത്ത ആമിന മുഹമ്മദ് യൂസഫ് ഇരുപത് ആടുകളുമായാണ് ഫാം ആരംഭിച്ചത്. ഇപ്പോള്‍ നൂറ് ആടുകളുള്ള വലിയൊരു ഫാമായി വളര്‍ന്നതിനു പിന്നില്‍ ആമിനയുടെ ചെറുതല്ലാത്ത കഠിനാധ്വാവും നിശ്ചയദാര്‍ഢ്യവുമാണ്. സ്വന്തം അനുഭവത്തില്‍ നിന്ന് നേടിയെടുത്ത അറിവുകളാണ് ആമിന ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് അംഗങ്ങള്‍, സി ഡി എസ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.