കേരളത്തിലെ ആധുനിക പുരോഗമനമൂല്യങ്ങളുടെ അമരക്കാരനാണ് ചെലവൂർ
വേണുവെന്ന് സാഹിത്യകാരൻ സക്കറിയ. നവീനമായ എന്തിനെയും ഇരുകൈയും
നീട്ടി സ്വീകരിക്കുന്ന അദ്ദേഹം സാമ്പത്തിക നേട്ടങ്ങൾക്കു പിന്നാലെ
പോകാതെയാണ് രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായി
നിലകൊള്ളുന്നതെന്നും സക്കറിയ പറഞ്ഞു .ചെലവൂർ വേണു ജീവിതം കാലം
എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.ചിത്രത്തിന്റെ സംവിധായകൻ ജയൻ
മങ്ങാട്, സംവിധായകൻ കെ പി കുമാരൻ , എഫ് എഫ് എസ് ഐ സെക്രട്ടറി വി കെ
ജോസഫ് , ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി
അജോയ് ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് ‘ചെലവൂർ വേണു ജീവിതം, കാലം’ എന്ന ഡോക്യുമെന്ററി
പ്രദർശിപ്പിച്ചു.സാംസ്‌കാരിക രംഗത്ത് ജാഗ്രതയോടെ ഇടപെട്ട്‌
പുതുതലമുറയോടൊപ്പം സഞ്ചരിക്കുന്ന ചെലവൂർ വേണുവിന്റെ സാംസ്‌കാരിക-
രാഷ്ട്രീയ ജീവിതം അടയാളപ്പെടുത്തുന്നതാണ് ചിത്രം .ഫെഡറേഷൻ ഓഫ് ഫിലിം
സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളവും ചലച്ചിത്ര അക്കാദമിയും സംയുക്തമായി
നിർമിച്ച ചിത്രം സംവിധാനംചെയ്‌തത്‌ ജയൻ മാങ്ങാടാണ്‌. ഗാന്ധിജി
വെടിയേറ്റുമരിക്കുന്ന ദിനത്തിലൂടെയാണ്‌ ഡോക്യുമെന്ററി ആരംഭിക്കുന്നത്‌.
കേരളത്തിലെ ബദൽ ദൃശ്യസംസ്‌കാര നിർമിതിയുടെ എഴുതപ്പെടാത്ത ചരിത്രമാണ്‌
ചിത്രത്തിലുടനീളം.