‘ന്യൂ ഇന്ത്യാ സാക്ഷരത’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പതിനായിരം നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും. ഒക്ടോബര്‍ രണ്ടിന് സര്‍വ്വേ നടത്തി കണ്ടെത്തുന്ന പഠിതാക്കള്‍ക്ക് 120 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അടിസ്ഥാന സാക്ഷരതാ ക്ലാസ് നല്‍കും.

ജനുവരിയില്‍ നടത്തുന്ന മികവുത്സവത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ അധ്യാപകരാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക. അധ്യാപകര്‍ക്ക് പ്രത്യേക സേവന സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കും. ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സെപ്റ്റംബര്‍ 12 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാതല സംഘാടക സമിതി രൂപീകരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി. സുരേന്ദ്രന്‍, കെ.വി റീന, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍ കുമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സി.രേഖ, വടകര നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രേമന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിന്ധു സുരേഷ്, സി.എം ബാബു, കൂടത്താംകണ്ടി സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, എം.ഡി വത്സല തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്താ പ്രസാദ് നന്ദിയും പറഞ്ഞു.