ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തെ ദീപാലംകൃതമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇല്ലൂമിനേഷൻ കമ്മിറ്റി യോഗം ചേർന്നു.കേന്ദ്ര – സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും – പൊതുമേഖലാ – സ്വകാര്യ സ്ഥാപനങ്ങളുമടക്കം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇതിനകം ദീപാലങ്കാരം ചെയ്തു കഴിഞ്ഞു.ആരാധനാലയങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപാലങ്കാരം ചെയ്യുന്ന പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്.മിഠായിത്തെരുവടക്കമുള്ള ജില്ലയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഓണാഘോഷത്തിന്റെ പ്രധാന വേദികളുമെല്ലാം അലങ്കരിക്കുന്നതോടെ നഗരം ഒന്നടങ്കം ഉത്സവപ്രതീതിയിലാകും.

യോഗത്തിൽ ഇല്ലൂമിനേഷൻ കമ്മിറ്റി  ചെയർമാൻ എം മെഹബൂബ്, കമ്മിറ്റി കൺവീനർ നഗരവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, കമ്മിറ്റി  വൈസ് ചെയർമാൻമാരായ വരുൺ ഭാസ്കർ, ക്യാപ്റ്റൻ ഹരിദാസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. ആർ പ്രമോദ്,  ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്, ഡിടിപിസി അംഗം കെ.കെ മുഹമ്മദ്, പിഡബ്ല്യുഡി  എ ഇ ഇ ഇലക്ട്രിക്കൽ പി. വി ലേഖ പത്മൻ, വിവിധ സംഘടന,സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.