നവകേരളം ജില്ലാ മിഷന്റെ ഭാഗമായി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സ്പ്രിംഗ് ഷെഡ് ഡെവലപ്മെന്റ് പദ്ധതി ‘സജലം’ പ്രോജക്ട് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പ്രകാശനം ചെയ്തു. പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ മുക്കുടില്‍ വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന നീരുറവയും അതിന്റെ വൃഷ്ടി പ്രദേശവും സംരക്ഷിക്കുക, ജലത്തിന്റെ ഗുണമേന്മ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് വിവിധ പ്രവര്‍ത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ആദ്യമായാണ് തിരുവനന്തപുരം ജില്ലയില്‍ ഒരു സ്പ്രിംഗ് ഷെഡ് ഡെവലപ്മെന്റ് പദ്ധതി നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേഷ്, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അശോക് സി, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ജില്ലാ എഞ്ചിനീയര്‍ ദിനേശ് പപ്പന്‍ എന്നിവരും പങ്കെടുത്തു.
