മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പിൽ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി സെക്രട്ടേറിയേറ്റിലെ ശ്രുതി ഹാളിൽ ഭക്ഷ്യ-പൊതുവിതരണം,ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പു മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയേറ്റിലെ ഭക്ഷ്യവകുപ്പിന്റെ വിവിധ സെക്ഷനുകളിലായി 262ഫയലുകളാണ് തീർപ്പാക്കലിന്റെ ഭാഗമായി വകുപ്പ് ഇന്നു പരിഗണിച്ചത്.

2022 ജൂലൈ 29, 30തീയതികളിലും ആഗസ്റ്റ് 23, 24തീയതികളിലും രണ്ടു ഘട്ടമായി വകുപ്പിൽ ഫയൽ അദാലത്തുകൾ നടത്തുകയും 971 ഫയലുകൾ തീർപ്പാക്കുകയും ചെയ്തിരുന്നു.

ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന കാര്യം ഫയൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്ന് മന്ത്രി ജീവനക്കാരെ ഓർമ്മിപ്പിച്ചു. പത്തും പതിനഞ്ചും വർഷം തീർപ്പാക്കാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ഈ അവസരത്തിൽ സാധിക്കണമെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പു സെക്രട്ടറി അലി അസ്ഗർ പാഷ, സപ്ലൈകോ കമ്മീഷണർ &മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കുമാർ പട്‌ജോഷി, അഡീഷണൽ സെക്രട്ടറി മജീദ് കക്കോട്ടിൽ എന്നിവരും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.