കോട്ടയം: കീഴൂർ ഗവൺമെന്റ് എൽ. പി സ്‌കൂളിൽ ആദ്യമായെത്തുന്ന ആരുമൊന്നു സംശയിക്കും മുന്നിൽ കാണുന്നത് സ്‌കൂളാണോ പാർക്കാണോയെന്ന്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 15 ലക്ഷം രൂപ മുടക്കി പ്രീ പ്രൈമറി വിഭാഗത്തിനായി നിർമിച്ച മാതൃകാ ക്ലാസ് മുറിയും പാർക്കുമാണ് ഇവിടെ സവിശേഷശ്രദ്ധയാകർഷിപ്പിക്കുന്നത്.
ഗുഹാകവാടത്തിലൂടെയാണ് സ്‌കൂളിലെ പാർക്കിലേക്കുള്ള പ്രവേശനം. ഇവിടെയുള്ള രണ്ടുചെറിയ കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് മനോഹരമായ പാലവും നിർമ്മിച്ചിട്ടുണ്ട്. കുട്ടി ഹെലികോപ്ടറാണ് പാർക്കിന്റെ മറ്റൊരു ഹൈലൈറ്റ്. ചെറുഗോവണിയിലൂടെ മുകളിലേക്ക് കയറിയാൽ ഹെലികോപ്റ്ററിൽ ഇരിക്കാം. പാർക്കിനുള്ളിൽ കുട്ടികൾക്ക് സൈക്കിൾ ചവിട്ടുന്നതിനുള്ള കോൺക്രീറ്റ് പാതയും പാർക്കിനോട് ചേർന്ന് മനോഹരമായൊരു പൂന്തോട്ടവും നിർമ്മിച്ചിട്ടുണ്ട്. ഊഞ്ഞാൽ, മെറിഗോ റൗണ്ട്, സീസോ എന്നിങ്ങനെ കുട്ടികൾക്ക് ഉല്ലസിക്കാനുള്ള സ്‌ളൈഡുകളുമുണ്ട്.
ഉപയോഗശൂന്യമായ ടയറുകൾക്ക് വ്യത്യസ്ത നിറം കൊണ്ട് തീർത്ത വേലിയും ചെറുതും വലുതുമായ ടയർ ഇരിപ്പിടങ്ങളും പാർക്കിന് നിറമുള്ള അഴകു തീർക്കുന്നു. കാടും മരങ്ങളും പൂക്കളും ആന, മാൻ, വേഴാമ്പൽ, കുരങ്ങ്, കഴുകൻ, സിംഹവാലൻ കുരങ്ങൻ തുടങ്ങി നിരവധി മൃഗങ്ങളെയും പാർക്കിന്റെ ഭിത്തിയിൽ വരച്ചു ചേർത്തിട്ടുണ്ട്.
കേരളത്തിന്റെ കാർഷിക തനിമ വിളിച്ചോതുന്ന രീതിയിൽ നെൽപാടവും ചക്രം ചവിട്ടലും കാള പൂട്ടലും വലവീശി മീൻപിടുത്തവും കോൺക്രീറ്റ് റിലീഫ് വർക്കായി മറ്റൊരു ഭിത്തിയിയലും ചേർത്തിട്ടുണ്ട്. സ്‌കൂൾ പരിസരത്തുള്ള മരങ്ങൾ തറകെട്ടി മനോഹരമാക്കി കുട്ടികൾക്ക് തണലിൽ വിശ്രമിക്കാനുള്ള സൗകര്യത്തോടൊപ്പം ഒരു ചെറിയ ആമ്പൽകുളവും തയ്യാറാക്കിയിട്ടുണ്ട്. .
എൽ.സി.ഡി പ്രൊജക്ടർ അടക്കമുള്ള ഉപകരണങ്ങളോടെ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂമിൽ വായനാമൂല, സംഗീതമൂല, കളിമൂല, പാവമൂല, ശാസ്ത്രമൂല, ഗണിത മൂല, ചിത്രമൂല എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഓരോ മൂലകളിലും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ മോഡലുകളുമുണ്ട്. പാർക്കിലെയും ക്ലാസ് റൂമുകളിലെയും ഭിത്തികളിലെ ചിത്രങ്ങൾ കൂടാതെ യൂറിനൽ കോംപ്ലക്സിന്റെ ഭിത്തികളിൽ കടൽചിത്രങ്ങളാണ് വരച്ചിട്ടുള്ളത്.
110 വർഷം പഴക്കമുള്ള സ്‌കൂളിൽ 2011ലാണ് പ്രീപ്രൈമറി തുടങ്ങുന്നത്. ഇപ്പോൾ 24 കുട്ടികളുണ്ട്. മുൻ പ്രഥമാധ്യാപകൻ കെ. സാബു ഐസക്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ചുക്കാൻ പിടിക്കുന്നത് പ്രഥമാധ്യാപികയുടെ ചുമതലയുള്ള കെ.എസ് ഉഷ, നഴ്സറി അധ്യാപിക ഷീബ ബിനോയ് എന്നിവരാണ്.
